
സ്വന്തം ലേഖകൻ: കശ്‍മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക്ക് വെടിവെപ്പില്‍ നാല് നാട്ടുകാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ഹരിനഗര്‍ സെക്ടറില്‍ ഇന്ത്യ രാവിലെ വെടിവച്ചിട്ട പാക് ഡ്രോണിൽ ആയുധങ്ങളും കണ്ടെത്തി. അതിര്‍ത്തി സംരക്ഷണ സേനയാണ് പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്‍ത്തിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 250 മീറ്റർ ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോൺ സഞ്ചരിച്ചതിനെ തുടർന്നാണ് വെടി വച്ചിട്ടത്. രാവിലെ 5.10 ഓടെയായിരുന്നു സംഭവം. ഒന്‍പത് റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് താഴെ വീണത്.
ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസീനുകള്‍, 60 റൗണ്ട് വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി സുരക്ഷ സേന അറിയിച്ചു.
അതിര്‍ത്തിയില്‍ പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ ഒരുങ്ങി നേപ്പാള്‍
ഇന്ത്യയുടെ മേഖലകള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാന്‍ നേപ്പാള്‍ ഒരുങ്ങുന്നു. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.
കാലാപാനി അതിര്‍ത്തി പ്രദേശത്ത് നേപ്പാള്‍ പട്ടാള മേധാവി പൂര്‍ണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാന്‍ പോകുന്നുവെന്ന് നേപ്പാള്‍ വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി ദി പ്രിന്റിനോട് പറഞ്ഞു.
“ഇപ്പോള്‍ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാല്‍ റോഡ് നിര്‍മിക്കാനുള്ള ചുമതല സൈന്യത്തിന് നല്‍കുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവില്‍ ഞങ്ങള്‍ സായുധ പോലീസ് സേനയുടെ അതിര്‍ത്തി പോസ്റ്റ് സ്ഥാപിച്ചു,” അദ്ദേഹം പറഞ്ഞു.
പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാള്‍ പാര്‍ലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്. 57 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ ഒറ്റ വോട്ടും എതിരായി വന്നില്ല. അധോസഭയില്‍ 258 എം.പിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല