1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2020

സ്വന്തം ലേഖകൻ: സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് സ്വീകാര്യത വര്‍ധിക്കുന്നതില്‍ ആശങ്കപ്പെട്ട് പാകിസ്താന്‍. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷ( ഒ.ഐ.സി.)ന്റെ ഭാഗമായിരുന്നിട്ടുകൂടി തങ്ങളെക്കാള്‍ പ്രാധാന്യം അവിടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോടെ പാകിസ്താനെ സൌദി ഏറെക്കുറെ കൈവിട്ട അവസ്ഥയിലാണ്.

പാക് സമ്പദ്‌വ്യവസ്ഥയെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ നല്‍കിയ സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് തിരികെ നല്‍കണമെന്നാണ് സൌദിയുടെ അന്ത്യശാസനം. 7500 കോടി ഉടന്‍ നല്‍കണമെന്നാണ് പാകിസ്താനോട് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കടം തിരിച്ചടയ്ക്കാന്‍ ചൈനയില്‍ നിന്ന് കടം വാങ്ങാനാണ് പാകിസ്താന്റെ ശ്രമം.

2018ല്‍ ഏകദേശം 46,000 കോടിയുടെ വായ്പയാണ് സൌദി പാകിസ്താനെ സഹായിക്കാനായി നല്‍കിയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മറ്റൊരു 7500 കോടി കൂടി സൌദി ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന കൊണ്ട് ആ രാജ്യത്തിന് നഷ്ടമുണ്ടായത് 15,000 കോടി രൂപയാണ്.

ഇതോടെ സൌദിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പാകിസ്താന്‍ കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദേശകാര്യമന്ത്രി തന്നെ നേരിട്ട് ഇടപെടുകയും പാക് സൈനിക മേധാവി നേരിട്ട് സൌദിയിലെത്ത് മാപ്പപേക്ഷിച്ചിട്ടും അവര്‍ വഴങ്ങിയിട്ടില്ല. പാക് സൈനിക മേധാവിക്ക് കൂടിക്കാഴ്ചക്കുള്ള അനുമതിയും സല്‍മാന്‍ രാജകുമാരന്‍ നിഷേധിച്ചത് പാകിസ്താന് കനത്ത തിരിച്ചടിയായി. ഇതിനിടെ പാകിസ്താനിലേക്കുള്ള എണ്ണ കയറ്റുമതിയും സൌദി നിര്‍ത്തിവെച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഒ.ഐ.സിയില്‍ കശ്മീര്‍ വിഷയം നിരന്തരം ഉന്നയിച്ച് ഇന്ത്യയെ പ്രതിരോധത്തില്‍ നിര്‍ത്താനുള്ള പാക് ശ്രമങ്ങള്‍ പല തവണ പാളിയതിനെ തുടര്‍ന്നാണ് സൌദിയുടെ അനിഷ്ടത്തിന് ഇടയാക്കിയ പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഒ.ഐ.സിയിലെ ഏക ആണവശക്തിയാണ് പാകിസ്താന്‍. എന്നിട്ടും തങ്ങളേക്കാള്‍ പ്രാധാന്യം ഇന്ത്യയ്ക്ക് ലഭിക്കുന്നതാണ് അവരെ അസ്വസ്ഥരാക്കുന്നത്.

നിലവില്‍ പാകിസ്താന്റെ വിദേശ കടം എന്നത് 43 ലക്ഷം കോടിയാണ്. പാകിസ്താന്റെ ആകെ ജി.ഡി.പിയുടെ 90 ശതമാനം വരും ഈ കടം. എല്ലാ വര്‍ഷവും ഏകദേശം 1.60 ലക്ഷം കോടി രൂപയാണ് കടം തിരിച്ചടയ്ക്കാനുള്ള തവണകള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നത്. കടം തിരിച്ചടയ്ക്കാന്‍ കടം വാങ്ങേണ്ട അവസ്ഥയിലാണ് അവര്‍. ഈ സാഹചര്യത്തിലാണ് ഒ.ഐ.സിയില്‍ നിന്നുള്ള പിന്തുണ നഷ്ടപ്പെടുന്നത്. ചൈന സഹായിക്കുമെന്ന വിശ്വാസത്തിലാണ് പാകിസ്താന്‍ മുന്നോട്ടുപോകുന്നത്.

പാകിസ്താനെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുന്നതാണ് ഈ സൂചനകള്‍ കാണിക്കുന്നത്. ഇസ്ലാമിക രാജ്യങ്ങളുടെ നേതൃനിരയിലേക്ക് പാകിസ്താന്‍ ഉയര്‍ന്നുവരണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. ഇതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട്.

നിലവില്‍ ആറ് മുസ്ലീം രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വിപുലപ്പെടുത്തിയ നീക്കങ്ങളാണ് ഈ വിജയങ്ങള്‍ക്ക് പിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.