1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2018

സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിട്ട് ‘ഭീകര’ സ്ഥാനാര്‍ഥികള്‍. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകന്‍ ഹാഫിസ് തല്‍ഹ സായിദും മരുമകന്‍ ഖാലിദ് വലീദും അടക്കം പാക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയ ഭീകരവാദികളുമായി അടുപ്പമുള്ള സംഘടനകളുടെ സ്ഥാനാര്‍ഥികള്‍ക്കു നേരിട്ടത് ദയനീയ പരാജയം.

വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായി നാനൂറിലേറെ സ്ഥാനാര്‍ഥികളാണു മല്‍സരിച്ചത്. ഇവരിലാരും തന്നെ പച്ചതൊട്ടില്ല. ലഹോറില്‍നിന്ന് 200 കിലോമീറ്റര്‍ അകലെ സായിദിന്റെ ജന്മനാടായ സര്‍ഗോദയില്‍നിന്നാണു ഭീകരനേതാവിന്റെ മകന്‍ മല്‍സരിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് രൂപീകരിച്ച രാഷ്ട്രീയകക്ഷി മില്ലി മുസ്‌ലിം ലീഗിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നിഷേധിച്ചിരുന്നു.

തുടര്‍ന്നു മറ്റൊരു ചെറുകക്ഷിയുടെ പേരിലാണു ഭീകരനേതാവിന്റെ അനുയായികള്‍ മല്‍സരിച്ചത്. ഭീകര പട്ടികയില്‍നിന്നു പേരു നീക്കംചെയ്തതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ച മൗലാന മുഹമ്മദ് അഹ്മദ് ലുധിയാന്‍വിക്ക് 45,000 വോട്ട് ലഭിച്ചു. ഭരണകക്ഷി നേതാക്കള്‍ അടക്കം ഒട്ടേറെ പ്രമുഖ നേതാക്കളും പരാജയം രുചിച്ചു.

മുന്‍ പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസി മല്‍സരിച്ച രണ്ടിടത്തും തോറ്റു. അഴിമതിക്കേസില്‍ നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് അബ്ബാസി പ്രധാനമന്ത്രിയായത്. കറാച്ചി, സ്വാത്, ലഹോര്‍ എന്നിവിടങ്ങളിലായി മൂന്നു സീറ്റില്‍ മല്‍സരിച്ച പിഎംഎല്‍–എന്‍ പ്രസിഡന്റും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹ്ബാസ് ഷരീഫ് കറാച്ചിയിലും സ്വാതിലും പിടിഐ സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടു.

അതേസമയം, മല്‍സരിച്ച അഞ്ചു സീറ്റിലും പിടിഐ അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ വിജയിച്ചു. മതകക്ഷികളുടെ മുന്നണിയായ മുത്തഹിദ മജ്‌ലിസെ അമല്‍ (എംഎംഎ) അധ്യക്ഷന്‍ മൗലാന ഫസ്‌ലുര്‍ റഹ്മാന്‍, ജമാഅത്തെ ഇസ്‌ലാമി മേധാവി സിറാജുല്‍ ഹഖ് എന്നിവരും തോറ്റു. മുന്‍ ആഭ്യന്തരമന്ത്രിയും വിമത പിഎംഎല്‍–എന്‍ നേതാവുമായ ചൗധരി നിസാര്‍ അലി ഖാനും മല്‍സരിച്ച രണ്ടു സീറ്റിലും തോറ്റു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.