1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2020

സ്വന്തം ലേഖകൻ: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കറാച്ചിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ പതിനായിരങ്ങൾ അണിനിരന്ന റാലി. ഒമ്പത് പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച പാകിസ്താൻ ജനാധിപത്യ മൂവ്മെന്‍റ് (പി.ഡി.എം) സർക്കാറിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭത്തിലാണ്.

പ്രധാനമന്ത്രീ, നിങ്ങൾ ഞങ്ങളിൽ നിന്ന് ജോലി തട്ടിയെടുത്തു. ദിവസവും രണ്ട് തവണ ഞങ്ങളുടെ ഭക്ഷണം തട്ടിയെടുത്തു -റാലിയെ അഭിസംബോധന ചെയ്ത് പ്രതിപക്ഷ നേതാവ് മറിയം നവാസ് പറഞ്ഞു. മുൻ പ്രസിഡന്‍റ് നവാസ് ഷെരീഫിന്‍റെ മകളും രാഷ്ട്രീയ പിൻഗാമിയുമാണ് മറിയം ഷെരീഫ്.

ഇമ്രാൻ സര്‍ക്കാറിന്‍റെ ഭരണരംഗത്തെ എല്ലാ പാളിച്ചകളും മരിയം അക്കമിട്ട് നിരത്തി. സാമ്പത്തിക തകര്‍ച്ചയും കൊറോണ പ്രതിരോധത്തിലെ വന്‍ പരാജയവും അന്താരാഷ്ട്രരംഗത്തു ണ്ടായിരിക്കുന്ന ചീത്തപ്പേരും മരിയം എടുത്തുപറഞ്ഞു. ഇമ്രാന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ പോലും ഭയമാണെന്ന് പരിഹസിച്ച മരിയം ടി.വിയിലൂടെ ജനങ്ങളോട് ഭയക്കേണ്ടതില്ലെന്ന് ഇമ്രാന്‍ പറഞ്ഞ വാക്കുകളെ എടുത്തുപറഞ്ഞാണ് വിമര്‍ശിച്ചത്.

കർഷകരുടെ വീടുകളിൽ പട്ടിണിയാണ്. യുവജനങ്ങൾ നിരാശയിലാണ് -മറ്റൊരു പ്രതിപക്ഷ നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. പാക് സമ്പദ് വ്യവസ്ഥ വൻ തകർച്ച നേരിടുന്ന സാഹചര്യത്തിലാണ് രാജ്യമെമ്പാടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. സർക്കാറിന്‍റെ തെറ്റായ നിലപാടുകളാണ് തകർച്ചക്ക് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

ഇമ്രാൻ ഖാൻ ഭരണത്തിലുള്ള രണ്ടുവർഷം കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സെൻസർഷിപ്പ് നടപ്പാക്കുകയും വിമർശകരെയും പ്രതിപക്ഷ നേതാക്കളെയും ജയിലിലടക്കുകയും ചെയ്യുന്നുണ്ട്. പണപ്പെരുപ്പം പാവങ്ങളെ പാടെ തകർത്തതായും കുഞ്ഞുങ്ങളെ വളർത്താനായി യാചിക്കാൻ ഇറങ്ങേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷം പറയുന്നു. ഇംറാൻ ഖാൻ എത്രയും വേഗം സ്ഥാനമൊഴിയുകയാണ് വേണ്ടതെന്നും പ്രക്ഷോഭകർ ചൂണ്ടിക്കാട്ടി. പാകിസ്താനിൽ 2023ലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.