1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2023

സ്വന്തം ലേഖകൻ: പാകിസ്താനിലെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരം. ഡോളരിനെതിരേ പാക് കറന്‍സിയുടെ മൂല്യം 255 രൂപയിലേക്ക് കൂപ്പുകുത്തി. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം.

ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്താനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്‍.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്താനില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. രാജ്യത്തെ ചിലയിടങ്ങളില്‍ ഒരുകിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ പായുന്നതിന്‍റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പ്രതിസന്ധി പരിഹരിക്കാന്‍ രാജ്യത്ത് ചെലവു ചുരുക്കല്‍ പദ്ധതികളും പാക് സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളം 15 ശതമാനത്തോളം വെട്ടിക്കുറക്കാനും എം.പിമാരുടെ വിവേചനാധികാര പദ്ധതികള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ശമ്പളത്തോടൊപ്പം നല്‍കുന്ന അലവന്‍സുകള്‍ നിര്‍ത്തലാക്കാനും ആഢംബര വാഹനങ്ങള്‍ വാങ്ങുന്നതിനും വിദേശ സന്ദര്‍ശനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇതോടൊപ്പം വൈദ്യുതി, പ്രകൃതിവാതക വില വര്‍ധിപ്പിക്കും എല്ലാ മേഖലകളിലും 30 ശതമാനത്തോളം പെട്രോള്‍ ഉപയോഗം കുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാകിസ്താനിലെമ്പാടും വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു. അതിനിടെയാണ് രാജ്യത്തുടനീളം വീണ്ടും വൈദ്യുതി തടസപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.