1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2020

സ്വന്തം ലേഖകൻ: മുംബൈ ഭീകരാക്രമണത്തിന് സന്നാഹങ്ങൾ ഒരുക്കിയവർ പാകിസ്താനിൽ തന്നെയുണ്ടെന്ന് അവിടുത്തെ അന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) പുറത്തിറക്കിയ പാകിസ്താനിലെ 1210 കൊടും ഭീകരരുടെ പട്ടികയിലാണ് മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകളും ഉൾപ്പെട്ടിട്ടുള്ളത്. ഇതാദ്യമായാണ് മുംബൈ ഭീകരാക്രമണത്തിലുൾപ്പെട്ടവർ പാകിസ്താനിലുണ്ടെന്ന് ആ രാജ്യത്തെ ഏജൻസി തുറന്ന് സമ്മതിക്കുന്നത്.

അതേസമയം, ഹാഫിസ് സഈദ്, മസൂദ് അസ്ഹർ, ദാവൂദ് ഇബ്രാഹീം എന്നിവരുടെ പേരുകൾ എഫ്.ഐ.എ പുറത്തിറക്കിയ പട്ടികയിൽ ഇല്ല. 26/11ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ് യു.എന്നിൻ്റെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഹാഫിസ് സഈദ്. ജെയ്ഷെ മുഹമ്മദ് തലവനും 2019ൽ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളുമാണ് മസൂദ് അസ്ഹർ. 40 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതിന് ഈ വർഷമാദ്യം പാക് കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചയാളാണ് മസൂദ് അസ്ഹർ.

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിൽ ഉണ്ടെന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും പാക് സർക്കാർ അത് സമ്മതിച്ചിട്ടില്ല. മുംബൈയിൽ ആക്രമണം നടത്തുന്നതിനായി ഭീകരർ യാത്രതിരിച്ച അൽ ഫൗസ് എന്ന ബോട്ട് വാങ്ങിയ മുൾട്ടാൻ സ്വദേശി മുഹമ്മദ് അംജദ് ഖാൻ എന്നയാൾ അടക്കമുള്ളവർ 880 പേജുള്ള പട്ടികയിലുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കറാച്ചിയിലെ എ.ആർ.ഇസഡ് വാട്ടർ സ്പോർട്സിൽ നിന്ന് യമഹയുടെ മോട്ടോർ ബോട്ട് എൻജിൻ, ലൈഫ് ജാക്കറ്റുകൾ എന്നിവയും ഇയാളാണ് വാങ്ങിയത്. ഭീകരർ മുംബൈയിലെത്തിയ അൽ ഫൗസ്, അൽ ഹുസൈനി എന്നീ ബോട്ടുകളുടെ കാപ്റ്റനായിരുന്ന ബഹവൽപുർ സ്വദേശി ഷാഹിദ് ഗഫൂറാണ് പട്ടികയിലുള്ള മറ്റൊരാൾ. ബോട്ടുകളിലെ ജീവനക്കാരായിരുന്ന മുഹമ്മദ് ഉസ്മാൻ, അതീഖുർ റഹ്മാൻ, റിയാസ് അഹമ്മദ്, മുഹമ്മദ് മുശ്താഖ്, മുഹമ്മദ് നഈം, അബ്ദുൽ ഷുക്കൂർ, മുഹമ്മദ് സാബിർ, മുഹമ്മദ് ഉസ്മാൻ, ഷക്കീൽ അഹമ്മദ് എന്നീ ഒമ്പത് പേരും പട്ടികയിലുണ്ട്. ഇവരെല്ലാം ലശ്കറെ ത്വയ്ബ സംഘടനയിൽപ്പെട്ടവരാണ്.

പട്ടികയിലുള്ളവരിൽ 161 പേർ ബലൂചിസ്താൻ സ്വദേശികളും 737 പേർ ഖൈബർ പഖ്തുൺഖ്വ സ്വദേശികളും 100 പേർ സിന്ധ് സ്വദേശികളും 122 പേർ പാക് പഞ്ചാബ് സ്വദേശികളും 32 പേർ ഇസ്ലാമാബാദ് സ്വദേശികളും 30 പേർ പാക് അധിനിവേശ കശ്മീർ സ്വദേശികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന മുത്തഹിദ ഖൗമി മൂവ്മെൻ്റ് തലവൻ ആൽതാഫ് ഹുസൈൻ, പാകിസ്താനിലെ പ്രതിപക്ഷ പാർട്ടിയായ പി.എം.എൽ.എൻ നേതാവ് നാസിർ ഭട്ട് എന്നിവരും പട്ടികയിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.