1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2018

സ്വന്തം ലേഖകന്‍: പത്താം ക്ലാസ് പോലും പാസാകാത്തവര്‍ പൈലറ്റായി വിമാനം പറത്തി; പാകിസ്താനില്‍ 50 വിമാന കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടു. പാകിസ്താന്റെ ഔദ്യോഗിക എയര്‍ലൈന്‍സിലെ ജീവനക്കാരുടെ യോഗ്യതയാണ് പുറത്തുവന്നത്. ഏഴ് പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് കണ്ടെത്തിയതായി പാകിസ്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ബെഞ്ചിനുമുന്നില്‍ വെളിപ്പെടുത്തിയത്.

പൈലറ്റിന്റെ സീറ്റിലിരിക്കുന്ന അഞ്ചുപേര്‍ പത്താംക്ലാസ് പോലും ജയിച്ചിട്ടില്ലെന്ന കണ്ടെത്തല്‍ കോടതിയെ ഞെട്ടിച്ചു. ബസ് ഓടിക്കാന്‍പോലും അറിയാത്തവര്‍ വിമാനം പറത്തി യാത്രികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഇജാസുല്‍ അഹ്‌സന്‍ നിരീക്ഷിച്ചു. മതിയായ രേഖകള്‍ ഹാജരാക്കാത്ത 50 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് എയര്‍ലൈന്‍സ് കോടതിയെ അറിയിച്ചത്. 498 പൈലറ്റുമാരുടേയും ലൈസന്‍സ് പരീക്ഷയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ പൈലറ്റുമാരും ജീവനക്കാരും വ്യാജ ബിരുദവുമായി ജോലിയില്‍ പ്രവേശിച്ചതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഡിസംബര്‍ 28നകം ഇക്കാര്യം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പുവരുത്താന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോട് ചീഫ് ജസ്റ്റിസ് സാഖിബ് നിസാറിന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ ബോര്‍ഡുകളുടെയും സര്‍വകലാശാലകളുടെയും നിസ്സഹകരണം കാരണം നിശ്ചിതസമയത്തിനകം സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാനായില്ലെന്ന് ഏവിയേഷന്‍ നിയമോപദേഷ്ടാവ് കോടതിയെ ധരിപ്പിച്ചു. അന്വേഷണത്തോട് എയര്‍ലൈന്‍സും സഹകരിച്ചില്ലെന്നും 4321 ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കാനായതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.