1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന്‌ പിറകിൽ ഇടിച്ചുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.

മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരത്തിൽ ഓമനക്കുട്ടന്റെ മകൻ അനൂപാണ്‌ (22) പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ മരിച്ചത്. വസ്ത്രത്തിൽനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽനിന്നാണ് പേരുവിവരം കിട്ടിയത്. ഇയാൾ സൂപ്പർഫാസ്റ്റിലെ യാത്രക്കാരനാണെന്ന് കരുതുന്നു.

അധ്യാപകനായ വിഷ്ണുവും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേരുമാണ്‌ ആലത്തൂർ താലൂക്ക്‌ ആശുപത്രിയിൽ മരിച്ചത്‌. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത്‌ രാജും (24) അപകടത്തിൽ മരിച്ചു. ജില്ലാ ആശുപത്രിയിൽ മരിച്ച മറ്റു മൂന്നുപേരിൽ രണ്ടുപേർ സ്ത്രീകളാണ്.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ബസ് ക്രെയിനുപയോഗിച്ച് ഉയർത്തിയപ്പോൾ രണ്ട്‌ അധ്യാപകരും ഒരു വിദ്യാർഥിയുമടക്കം മൂന്നുപേർ ബസിനടിയിലുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചായിരുന്നു രക്ഷാപ്രവർത്തനം.

അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ്ബസ് സൂപ്പർ ഫാസ്റ്റിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രി, ആലത്തൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്കും തൃശ്ശൂരിലെ ആശുപത്രികളിലേക്കും മാറ്റി. ഗുരുതരമായി പരിക്കേറ്റ പിറവം സ്വദേശി എൽദോയെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആകെ 10 പേരെയാണ് പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരു ആംബുലൻസിൽ ഒരു കൈപ്പത്തി മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.

ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവർ: മുഹമ്മദ് ഹാഷിം (പന്തളം), മനോജ് (കല്ലേപ്പുള്ളി), പ്രവീൺ വർഗീസ് (തിരുപ്പൂർ), വിഷ്ണു (മൂവാറ്റുപുഴ), അബ്ദുൾ റൗഫ് (പൊന്നാനി).

തൃശ്ശൂരിൽ ചികിത്സയിലുള്ളവർ: ഹരികൃഷ്ണൻ (22), അമേയ (17), അനന്യ (17), ശ്രദ്ധ (15), അനീജ (15), അമൃത (15), തനുശ്രീ (15), ഹിൻ ജോസഫ് (15), ജനീമ (15), അരുൺകുമാർ (38), ബ്ലെസ്സൻ (18), എൽസിൽ (18), എൽസ (18).

വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ ജീവന്‍ പൊലിയാനിടയാക്കിയ ബസ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

മരിച്ച ഓരോ വ്യക്തിയുടേയും അടുത്ത ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് നല്‍കുക. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്നാകും തുക കൈമാറുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.