1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2022

സ്വന്തം ലേഖകൻ: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനമെന്ന് വിവരം. മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അസുര എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നിലവില്‍ അഞ്ച് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബസില്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍, എയര്‍ ഹോണ്‍ എന്നിവ സ്ഥാപിച്ചതുമായും നിയമ ലംഘനം നടത്തിയ വാഹനവുമായി നിരത്തിലറങ്ങിയതും ബന്ധപ്പെട്ടാണ് കേസുകള്‍ നിലവിലുള്ളത്. ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടാലും സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്ന് എംവിഡി പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്ന് വിനോദയാത്രക്കായി പോയ വിദ്യാര്‍ഥികളുടെ ബസാണ് കെഎസ്ആര്‍ടിസി ബസിന്റെ പുറകിലിടിച്ച് അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപം അര്‍ധരാത്രിയാണ് സംഭവം. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരുമടക്കം ഇതുവരെ ഒന്‍പത് പേരാണ് മരിച്ചത്. നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

എല്‍ന ജോസ്, ക്രിസ്വിന്റ്, ദിയ രാജേഷ്, അഞ്ജന അജിത്ത്, ഇമ്മാനുവല്‍ എന്നിവരാണ് മരണപ്പെട്ട വിദ്യാര്‍ഥികള്‍. കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ്, കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ അനൂപ് ദീപു എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അധ്യാപകനായ വിഷ്ണുവാണ് മറ്റൊരാള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പൊലീസിന്റെ നിഗമനം. പരിക്കേറ്റ 38 പേരില്‍ 28 പേരുടെ നില ഗുരുതരമല്ല, പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് വിനോദയാത്ര സംഘം ഊട്ടിയിലേക്ക് തിരിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകകര്‍ക്കും പുറമെ ബസിലെ രണ്ട് ജീവനക്കാരുമുണ്ടായിരുന്നു സംഘത്തില്‍. വിദ്യാര്‍ഥികളില്‍ 26 ആണ്‍കുട്ടികളും 16 പെണ്‍കുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ 10, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലാണ് പഠിക്കുന്നത്. കെഎസ്ആര്‍ടിസി ബസില്‍ അന്‍പതിനടുത്ത് യാത്രക്കാരുണ്ടായിരുന്നതായാണ് നിഗമനം. മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചത്.

അതിനിടെ വടക്കാഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടതായി ആരോപണം.ഡ്രൈവർ ജോമോനെ ഇതുവരെ പോലീസിന് കസ്റ്റഡിയിലെടുക്കാനായിട്ടില്ല.അധ്യാപകൻ ആണെന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ ചികിത്സക്കെത്തിയ്ത്.

ജോജോ പത്രോസ് എന്ന പേരിലാണ് ഇയാൾ വടക്കഞ്ചേരി ഇ.കെ.നായനാര്‍ ആശുപത്രിയിൽ ചികിത്സ തേടിയത്‌. പിന്നാലെ ഇയാളെ ആരോ വന്ന് കൂട്ടിക്കൊണ്ട് പോയെന്നാണ് ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം. പരിക്കേറ്റ ഇയാളെ പുലർച്ചയോടെ പോലീസുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

കൈക്കും കാലിലെയും ചെറിയ മുറിവുകൾ ഒഴിച്ചാൽ ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ലായിരുന്നെന്നും ആശുപത്രി ജീവനക്കാർ പറയുന്നു. ഇയാളുടെ എക്സ്റെ എടുത്തിരുന്നു. കൈയിലോ , കാലിലോ ഒന്നും പൊട്ടലുകളോ ഉണ്ടായിരുന്നില്ല. പ്രാഥമിക ചികിത്സ നൽകി. തുടർന്ന് ബസിന്റെ ഉടമസ്ഥരെന്ന് കരുതുന്ന ആളുകൾക്കൊപ്പം ഇയാൾ പോയെന്നും ആശുപത്രി ജീവനക്കാർ പറയുന്നു.

ഡ്രൈവർ ക്ഷീണിതനായിരുന്നു എന്ന് ആരോപണം.വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള യാത്ര തിരിച്ചെതെന്നും ഡ്രൈവർ ഷീണിതനായിരുന്നെന്നും അപകടത്തിൽപ്പെട്ട് കുട്ടിയുടെ അമ്മ പറഞ്ഞു. “വേളാങ്കണ്ണിക്ക് പോയി തിരിച്ച് വന്ന ഉടനെയാണ് ഊട്ടിക്ക് യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. സൂക്ഷിക്കണം രാത്രിയാണ് എന്ന് പറഞ്ഞിരുന്നു. എന്നാൽ കുഴപ്പമില്ല താൻ പരിചയസമ്പന്നനായ ഡ്രൈവർ ആണെന്നായിരുന്നു മറുപടി,“ ബസിലുണ്ടായിരുന്ന കുട്ടിയുടെ മാതാവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.