
സ്വന്തം ലേഖകൻ: കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണാന്‍, അവസാന നിമിഷങ്ങള്‍ അരികിലിരിക്കാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറിയ മകന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബെയ്ത്ത്അവ സ്വദേശിയായ ഈ പാലസ്തീനി യുവാവ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ എസിയുവിന്റെ പുറം ജനാലയിലാണ് കയറിപ്പറ്റിയത്.
73 കാരിയായ അമ്മ റസ്മി സുവൈതി നാല് ദിവസം മുമ്പാണ് കൊറോണ ബാധിച്ച് മരണമടഞ്ഞത്. മകന്‍ കാണാനെത്തിതിന് ശേഷമായിരുന്നു മരണം.
ഈ മുപ്പതുകാരന്‍ അമ്മയുടെ ജനാലയുടെ അരികില്‍ ഇരിക്കുന്ന ചിത്രം നൂറുകണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. യു.എന്‍ പ്രതിനിധിയും പേട്രിയോടിക് വിഷന്‍ സി.ഇ.ഒയുമായ മുഹമ്മദ് സഫയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
“കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പാലസ്തീനിയന്‍ സ്വദേശിനിയായ സ്ത്രീയുടെ മകന്‍, അമ്മ മരിക്കുന്നത് വരെ എല്ലാ ദിവസവും രാത്രി അയാള്‍ ജനാലയുടെ മുകളില്‍ വന്നിരിക്കുമായിരുന്നു,” മുഹമ്മദ് സഫ ചിത്രത്തോടൈാപ്പം കുറിച്ചു.
“’എത്ര സ്‌നേഹം നിറഞ്ഞ മകന്‍. ചിത്രം എന്റെ കണ്ണുകള്‍ നിറയ്ക്കുന്നു,” ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത് ഇങ്ങനെ.
റസ്മി സുവൈതി ബ്ലഡ് ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ഈ സമയത്താണ് കൊറോണ പിടിപെടുന്നത്. അഞ്ച് ദിവസമായി ഇവര്‍ ഹെബ്‌റോണ്‍ സ്റ്റേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
“ഒന്നും ചെയ്യാനാകാതെ നിസഹായനായി ഞാന്‍ ആ ജനാലക്ക് പുറത്തിരുന്നു, അമ്മയുടെ അവസാന നിമിഷങ്ങള്‍ കണ്ടുകൊണ്ട്,” മകന്‍ അറബിക് പോസ്റ്റിനോട് പറയുന്നു. “ഞാന്‍ ആശുപത്രിയില്‍ കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അനുവാദം ലഭിച്ചില്ല. അവസാനമായി അമ്മയെ ഒന്ന് കാണാനാണ് ഞാന്‍ ജനാലയുടെ മുകളില്‍ കയറിയത്.”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല