1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2017

സ്വന്തം ലേഖകന്‍: സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും പോലീസ് വലിച്ചിഴച്ചു, പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍, തന്നെ ചവിട്ടിയതായും റോഡിലൂടെ വലിച്ചിഴച്ചതായും ജിഷ്ണുവിന്റെ അമ്മ, സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍, ഇടതു സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മകന്റെ നീതിക്കുവേണ്ടി പോരാടിയ തന്നോട് പോലീസ് പെരുമാറിയത് അതിക്രൂരമായാണെന്ന് ആത്മഹത്യ ചെയ്ത് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു. പോലീസ് നടപടിയില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ മഹിജ.

തന്റെ സഹോദരനെയാണ് ആദ്യം അവര്‍ മര്‍ദ്ദിച്ചത്. പിന്നാലെ തനിക്കെതിരെ പോലീസ് നീങ്ങുകയായിരുന്നു. ആദ്യം നിലത്തിട്ടു ചവിട്ടി. തന്നെ അവശയാക്കിയതിനു ശേഷം റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും മഹിജ പറഞ്ഞു. എന്റെ കുഞ്ഞിനുവേണ്ടി മരണം വരെ താനും കുടുംബവും പോരാടുമെന്നും മഹിജ വ്യക്തമാക്കി. ബുധനാഴ്ച രാവിലെയാണ് ജിഷ്ണു പ്രണോയിക്ക് നീതി കിട്ടണമെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് അമ്മ മഹിജയും കുടുംബവും ഡിജിപി ആസ്ഥാനത്ത് സമരത്തിനെത്തിയത്. പിന്നാലെ ഇവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

രാവിലെ പത്തു മണിക്കു ശേഷമാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും പോലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയത്. എന്നാല്‍ പോലീസ് ആസ്ഥാനത്തെ പ്രതിഷേധം അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. ഇത് മറികടന്ന് സമരം ചെയ്യാന്‍ ശ്രമിച്ചതോടെ ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചു. റോഡില്‍ ഇരുന്നു പ്രതിഷേധിച്ച അമ്മയെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു. തുടര്‍ന്ന് പോലീസ് വാനിലേക്ക് കയറ്റി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. അഞ്ചു പേരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരം തുടങ്ങും മുമ്പ് ഡി.ജി.പി അറിയിച്ചുവെങ്കിലും ജിഷ്ണുവുമായി രക്തബന്ധമുള്ള 14 പേര്‍ സമരത്തിലുണ്ടെന്നും അവരുമായെല്ലാം ഡി.ജി.പി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

ജിഷ്ണു പ്രണോയിയുടെ അമ്മയെ മര്‍ദ്ദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത്‌നാളെ സംസ്ഥാനത്ത് യു.ഡി.എഫ്ബി.ജെപി ഹര്‍ത്താല്‍. ബിജെപി തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് വി.എസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. അതേസമയം പോലീസിന്റെ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം പോലീസിന്റെ ഭാഗത്തു നിന്നുള്ള പിഴവല്ലന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമെത്തിയ മറ്റു ചിലരാണ് പ്രശ്‌നമുണ്ടാക്കിതെന്നും പറഞ്ഞു. ജിഷ്ണുവിന്റെ അമ്മയെകാണാന്‍ പോകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പോലീസ് ആസ്ഥാനത്തിന് മുന്‍പില്‍ ഉണ്ടായ അക്രമസംഭവങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ക്കും പങ്കുണ്ടെന്ന് ഡിജിപി ബെഹ്‌റ വ്യക്തമാക്കി. സംഭവത്തില്‍ നാലു പേര്‍ പിടിയിലായിട്ടുണ്ടെന്നും ജിഷ്ണുവിന്റെ മുഴുവന്‍ ബന്ധുക്കളെയും വിട്ടയച്ചതായും ഡിജിപി പറഞ്ഞു. രഹസ്യന്വേഷണ വിഭാഗം ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ തന്നിട്ടുണ്ടെന്നും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം മഹിജയെ പോലീസ് റോഡിലൂടെ വലിച്ചിഴക്കുന്ന രംഗങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇടതു സര്‍ക്കാരിനെതിരേയും പോലീസിനെതിരേയും ജനരോഷം തിളക്കുകയാണ്.

അതിനിടെ ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതി സഞ്ജീവ് വിശ്വനാഥന്‍ അറസ്റ്റിലായി. പാമ്പാടി നെഹ്‌റു കോളേജ് പിആര്‍ഒ ആണ് സഞ്ജീവ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ വിട്ടയയ്ക്കും. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകരായ സിപി പ്രവീണ്‍, വിപിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ ഒന്നാം പ്രതി കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.