1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 5, 2017

സ്വന്തം ലേഖകന്‍: പാമ്പാടി നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ, കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റ് നാടകമെന്നും സമരം തുടരുമെന്നും ജിഷ്ണുവിന്റെ അമ്മ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലേക്ക് കൃഷ്ണദാസിനെ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വയ്ക്കാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസിന് കഴിഞ്ഞില്ല.

നാലു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം കൃഷ്ണദാസിനെ വിട്ടയച്ചു. കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ് കൃഷ്ണദാസിനെ വിളിച്ചു വരുത്തിയത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി നേരത്തെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൃഷ്ണദാസിനു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയെങ്കിലും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി. ഇതിനു പിന്നാലെ ലക്കിടി കോളജിലെ ഒരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന കേസില്‍ കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി ജാമ്യം നല്‍കുകയായിരുന്നു. ജിഷ്ണു മരിച്ച കേസില്‍ കൃഷ്ണദാസിനെതിരെ പ്രേരണാക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നതായി സന്ദേശത്തില്‍ വ്യക്തമാണ്. പഠിക്കാന്‍ സമയം ലഭിക്കാത്തതിനാലാണ് പരീക്ഷ മാറ്റിവെയ്ക്കാന്‍ വിഷ്ണു ആവശ്യപ്പെട്ടത്. ഇത് കോളജ് മാനേജ്‌മെന്റിന്റെ അപ്രീതിക്ക് ഇടയാക്കിരുന്നതായാണ് പോലീസ് നിഗമനം.

കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് പോലീസിന്റെ നാടകമാണെന്ന് കൃഷ്ണദാസിന്റെ അമ്മ മഹിജ പ്രതികരിച്ചു.മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാതെ മുന്‍കൂര്‍ ജാമ്യമുള്ള കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണെന്നും അവര്‍ ആരോപിച്ചു. ജിഷ്ണു കേസില്‍ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച മുതല്‍ തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടത്താനിരുന്ന സമരത്തില്‍ നിന്നും പിന്മാറില്ലെന്നും മഹിജ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.