1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2020

സ്വന്തം ലേഖകൻ: സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തില്‍… തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് വേഗത്തിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക ഈ മാസം 17ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് തവണ കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരമുണ്ടാകും. ആദ്യ കരട് വോട്ടർ പട്ടിക ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു.

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകൾ,152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപ്പാലിറ്റികൾ, 6 മുൻസിപ്പിൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.
കോവിഡ് ഭീതി നിലനിൽക്കെയാണ് സംസ്ഥാനം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷകളും ആക്ഷേപങ്ങളും പരിഹരിച്ച് മാർച്ച് 27ന് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷൻ തീരുമാനിച്ചിരുന്നത്. കോവിഡ് രോഗ ബാധയുണ്ടായതോടെ തീരുമാനം മാറ്റുകയായിരുന്നു. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. വോട്ടർ പട്ടികയിലെ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി നിലവിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ പോളിംഗ് സ്റ്റേഷനുകളിൽ പുനക്രമീകരണം വരുത്തും.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി നവംബര്‍ 12നാണ് അവസാനിക്കുന്നത്. അതിന് മുന്‍പ് പുതിയ ഭരണ സമിതി അധികാരമേല്‍ക്കേണ്ടത് കൊണ്ട് ഒക്ടോബര്‍ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.

രണ്ടു കോടി 62 ലക്ഷമായിരുന്നു കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ എണ്ണം. പുതുതായി 21 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനുള്ള വരണാധികാരികളുടേയും മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പേരുവിവരങ്ങള്‍ കൈമാറാന്‍ കമ്മീഷന്‍ ജില്ലാ കളക്ടര്‍മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 180 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പിന് ചിലവ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.