1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2020

സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്.

941 ഗ്രാമപഞ്ചായത്തുകളില്‍ 518 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 366, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152 ല്‍ എല്‍ഡിഎഫ് 108 ഇടത്തും യുഡിഎഫ് 44 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ നാലിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനാവുന്നത്.

മുനിസിപ്പാലിറ്റികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുള്ള 86 എണ്ണത്തില്‍ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 35 ഇടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. തിരുവനന്തപുരം (43), കൊല്ലം (38), കോഴിക്കോട് (47) എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. എൽ.എഡി.എഫ് ഏറ്റവും വലിയ കക്ഷിയായ കൊച്ചി കോർപറേഷനിലും എൽ.ഡി.എഫ് ഭരിക്കാനാണ് സാധ്യത. കണ്ണൂര്‍ (27),തൃശ്ശൂർ (23) എന്നിവിടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഫലം മാറിമറിയാവുന്ന സാഹചര്യമാണുള്ളത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ 42 സീറ്റുകളില്‍ വിജയിച്ച സിപിഎമ്മിന് നിലവില്‍ 45 സീറ്റുകളില്‍ ലീഡ് ചെയ്യാനാവുന്നുണ്ട്. നേരത്തെ 20 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒമ്പത് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാവുന്നത്. 27 സീറ്റുകളിലാണ് എന്‍ഡിഎ ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 35 സീറ്റുകള്‍ എന്‍ഡിഎ നേടിയിരുന്നു.

ബിജെപിക്ക് താരതമ്യേന മികച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. വിജയം ഏറെക്കുറെ ഉറപ്പിച്ചിരുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തന്നെ ഉറപ്പിക്കാനാവാത്ത സാഹചര്യമാണ്. പാലക്കാട് മുനിസിപ്പാലിറ്റി നിലനിര്‍ത്താനായി. സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടുമുണ്ട്. തൃശ്ശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിച്ച ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പരാജയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.

പ്രാദേശികമായ രാഷ്ട്രീയേതര കൂട്ടായ്മകള്‍ ഉണ്ടാക്കിയ മുന്നേറ്റമാണ് ഇത്തവണത്തെ എടുത്തു പറയേണ്ട സവിശേഷത. കിഴക്കമ്പലത്തിനു പുറമേ പുറമെ ഐക്കരനാടും ട്വന്റി-20 ഭരണം പിടിച്ചു. മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

കോട്ടയം പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ ജോസ് കെ മാണിയുടെ മുന്നണി മാറ്റ പരീക്ഷണം വിജയകരമാണെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. പാലാ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ അഞ്ച് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.