1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2021

സ്വന്തം ലേഖകൻ: പഞ്ച്ഷീര്‍ താഴ്‍‍വരയിൽ താലിബാന് കനത്ത തിരിച്ചടി നൽകിയതായി ദേശീയ പ്രതിരോധ സഖ്യം. അഫ്ഗാനിസ്ഥാനിൽ താലിബാനെ പ്രതിരോധിക്കുന്ന സംഘടനകളെ ഉദ്ധരിച്ച് റഷ്യൻ വാര്‍ത്താ ഏജൻസിയായ സ്പുട്നിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 600ഓളം താലിബാൻ ഭീകരരെ വധിച്ചെന്നാണ് സഖ്യം അവകാശപ്പെടന്നത്.

നിലവിൽ പഞ്ച്ഷീര്‍ പ്രദേശം മുഴുവനായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണത്തിലൂടെ താലിബാനെ തുരത്തുകയായിരുന്നുവെന്നും ദേശീയ സഖ്യം ട്വിറ്ററിൽ അവകാശപ്പെട്ടു. “ശനിയാഴ്ച രാവിലെ മുതൽ പഞ്ച്ഷീറിലെ വിവിധ ജില്ലകളിൽ 600ഓളം താലിബാനികളെയാണ് വകവരുത്തിയത്. കൂടാതെ ആയിരത്തോളം താലിബാൻ ഭീകരരെ പിടികൂടിയിട്ടുമുണ്ട്.

ഇവരിൽ ചിലര്‍ സ്വമേധയാ കീഴടങ്ങിയതതാണ്.” പ്രതിരോധ സേനാ വക്താവ് ഫഹിം ദാഷ്ടി ട്വീറ്റ് ചെയ്തു. മറ്റു പ്രവിശ്യകളിൽ നിന്ന് താലിബാന് അവശ്യ സാധനങ്ങള്‍ ലഭിക്കാൻ പ്രയാസം നേരിടുന്നുണ്ടെന്നും സ്പുട്നിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്ന മൈനുകളുടെ സാന്നിധ്യം മൂലം പഞ്ച്ഷീറിൽ പ്രതിരോധ സേനയ്ക്കെതിരെയുള്ള താലിബാൻ മുന്നേറ്റം സാവധാനത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പോരാട്ടം തുടരുകയാണെന്ന് താലിബാൻ അറിയിച്ചു. പഞ്ച്ഷീര്‍ പ്രവിശ്യാ തലസ്ഥാനമായ ബസാറാക്കിലേയ്ക്കുള്ള റോഡുകളിലും പ്രവിശ്യാ ഗവര്‍ണറുടെ ആസ്ഥാന പരിസരത്തുമാണ് മൈനുകളുള്ളതെന്ന് അൽ ജസീറ റിപ്പോര്‍ട്ടിൽ പറയുന്നു. യുഎസ് സൈന്യം ഓഗസ്റ്റ് 31ന് പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിലെ ബഹുഭൂരിപക്ഷം ഭൂപ്രദേശവും താലിബാൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. രാജ്യത്ത് ശരിയാ നിയമം നടപ്പാക്കുമെന്നും എന്നാൽ ഇസ്ലാമിക നിയമങ്ങള്‍ക്കുള്ളിൽ നിന്നു കൊണ്ട് സ്ത്രീകള്‍ക്കും പെൺകുട്ടികള്‍ക്കും ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുമെന്നുമാണ് താലിബാൻ പറയുന്നത്.

അതേസമയം, കാബൂളിലടക്കം താലിബാനെതിരെ സ്ത്രീകള്‍ പരസ്യമായ പ്രതിഷേധവുമായി നിരത്തിലിറങ്ങുന്നുണ്ട്. ഭീകരസംഘടനയ്ക്കെതിരെ നിലകൊള്ളുന്ന അഫ്ഗാൻ ദേശീയ പ്രതിരോധ സേനയുടെ ശക്തികേന്ദ്രമാണ് പഞ്ച്ഷീര്‍. ഇവിടെ ഇനിയും പൂര്‍ണമായും നിയന്ത്രണത്തിലാക്കാൻ താലിബാനു കഴിഞ്ഞിട്ടില്ല.

മുൻ അഫ്ഗാൻ ഗറില്ലാ കമാൻഡര്‍ അഹമ്മദ് ഷാ മസൂദിൻ്റെ മകൻ അഹമ്മദ് മസൂദിനാണ് പ്രതിരോധ സേനയുടെ നേതൃത്വം. കൂടാതെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ളാ സാലെയും പ്രതിരോധ സേനയുടെ ഭാഗമാണ്. നിലവിലെ സാഹചര്യം ദുഷ്കരമാണെന്നും പ്രദേശത്തേയ്ക്ക് താലിബാൻ കടന്നു കയറുകയാണെന്നും സാലേ മുൻപ് ഒരു വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, വിവിധ ലോകരാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ താലിബാൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. താലിബാനു പാകിസ്ഥാൻ പരസ്യമായ പിന്തുണയറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ ചൈനയും റഷ്യയും സുഹൃദ്ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളുുമായി സജീവമാണ്.

അതിനിടെ അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ച തികയുമ്പോള്‍ സർക്കാർ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാര വടംവലി താലിബാന് ഉള്ളിലും സംഘഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. സർക്കാരിന്‍റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാൻ നേതാക്കൾ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്നങ്ങളാണ് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിച്ചതോടെ രൂക്ഷമായിരിക്കുന്നത്. താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് റിപ്പോർട്ട്.

വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്സർവർ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ബറാദർ നിലവിൽ പാകിസ്താനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖാനി ഭീകരവാദികളുടെ ആക്രമണത്തിലാണ് ബറാദറിന് പരിക്കേറ്റത് എന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.