1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2023

സ്വന്തം ലേഖകൻ: ബലാത്സംഗത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ പാകിസ്താനില്‍ പെണ്‍മക്കളുടെ കുഴിമാടങ്ങള്‍ രക്ഷിതാക്കള്‍ താഴിട്ടുപൂട്ടുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതായി ഡെയ്‌ലി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നെക്രോഫീലിയ( ശവരതി) കേസുകള്‍ വര്‍ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്.

കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍ സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാൻ ഇടയാക്കുന്നതാണെന്ന് ഡെയ്‌ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു.

കാമാസക്തിയും ലൈംഗിക അസംതൃപ്തിയുമുള്ള ഒരു സമൂഹത്തെയാണ് പാകിസ്താന്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അക്കാരണത്താലാണ് തങ്ങളുടെ പെണ്‍മക്കളുടെ മൃതശരീരത്തെ ബലാത്സംഗത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ പാകിസ്താനിലെ ജനങ്ങള്‍ക്ക് കുഴിമാടങ്ങള്‍ താഴിട്ട് പൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും ‘ദ കഴ്‌സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു.

ചില നരാധമന്‍മാര്‍ തങ്ങളുടെ ആസക്തി തൃപ്തിപ്പെടുത്താന്‍ ജീവനില്ലാത്ത ശരീരങ്ങളെ പോലും ഇരയാക്കുന്നതിനാലാണ് മൃതശരീരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന് കുഴിമാടങ്ങള്‍ താഴിട്ടുപൂട്ടേണ്ടി വരുന്നത്. നെക്രോഫീലിയ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് തിരിച്ചറിയുകയാണ് ജനങ്ങള്‍- ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

“ലൈംഗികാസക്തിയുള്ളതും അടിച്ചമര്‍ത്തപ്പെട്ടതുമായ ഒരു സമൂഹത്തിനാണ് പാകിസ്താന്‍ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷം വഴിയൊരുക്കിയത്, അത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ പെണ്‍കുട്ടികളുടെ മൃതശരീരങ്ങളെ ലൈംഗികാതിക്രമത്തില്‍നിന്ന് സംരക്ഷിക്കാന്‍ കുഴിമാടങ്ങള്‍ അടച്ചുപൂട്ടുക എന്ന മാര്‍ഗം മാത്രമാണ് ജനങ്ങള്‍ക്ക് മുന്നിലുള്ളത്”, സാജിദ് യൂസഫ് ഷാ എന്ന ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു.

സ്ത്രീകളുടെ ജഡങ്ങള്‍ കുഴിച്ചെടുത്ത് പങ്കിലമാക്കുന്നതായുള്ള നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കറാച്ചിയിലെ ഉത്തര നസീമാബാദിലെ മുഹമ്മദ് റിസ്‌വാന്‍ എന്ന ശ്മശാനം സൂക്ഷിപ്പുകാരനെ ശവരതിയുടെ പേരില്‍ 2011 ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ തന്റെ ലൈംഗികാസക്തി പൂര്‍ത്തീകരിക്കാന്‍ 48 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തിയിരുന്നു.

പാകിസ്താനിലെ സ്ത്രീസമൂഹത്തിന്റെ നാല്‍പത് ശതമാനത്തിലധികം ജീവിതത്തില്‍ ഒരു തവണയെങ്കിലും അതിക്രമത്തിനിരയാകുന്നുണ്ടെന്നാണ് ദേശീയ മനുഷ്യവകാശ കമ്മിഷന്‍ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.