1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു, ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവും കുറ്റങ്ങള്‍. ആറു മാസത്തിനകം ഒമ്പതംഗ ഭരണഘടന കോടതികൂടി ഇംപീച്ച്‌മെന്റ് പ്രമേയം ശരിവെച്ചാല്‍ പാര്‍ക്കിനെ അധികാരത്തില്‍നിന്നു പുറത്താക്കും. തുടര്‍ന്ന് 60 ദിവസത്തിനകം രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ ചുമതലകള്‍ താല്‍ക്കാലികമായി പ്രധാനമന്ത്രി ഹുവാങ് ക്യാനിന് കൈമാറും.

ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡന്റാണ് പാര്‍ക്. സ്വജനപക്ഷപാതവും അഴിമതിയുംമൂലം വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ പാര്‍ക്കിന്റെ രാജിക്കായി രണ്ടു മാസത്തോളമായി വന്‍ ജനകീയപ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. 1980ല്‍ ജനാധിപത്യ രാജ്യമായതിനുശേഷം ദക്ഷിണ കൊറിയയില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്. പാര്‍ലമെന്റില്‍ 56നെതിരെ 234 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. 300 അംഗ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാന്‍ 200 പേരുടെ പിന്തുണയാണ് വേണ്ടത്. ഭരണകക്ഷിയായ സയിനൂരി പാര്‍ട്ടിയിലെ അംഗങ്ങളും പ്രമേയത്തെ പിന്താങ്ങി. വോട്ടെടുപ്പിനുശേഷം പാര്‍ലമെന്റില്‍ സംസാരിച്ച, വീഴ്ചവരുത്തിയതിന് മാപ്പുപറഞ്ഞ പാര്‍ക് ജനകീയ പ്രതിഷേധങ്ങളും പാര്‍ലമെന്റ് നടപടികളും ഗൗരവമായി എടുക്കുമെന്നും സൂചിപ്പിച്ചു.

പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചാലും കോടതിയുടെ തീരുമാനം വരുന്നതുവരെ താന്‍ തുടരുമെന്നു പ്രസിഡന്റ് പറഞ്ഞിരുന്നു. സുഹൃത്തിന്റെ സന്നദ്ധസംഘടനക്ക് ധനസമാഹരണം നടത്താന്‍ അധികാരദുര്‍വിനിയോഗത്തിലൂടെ സമ്മര്‍ദംചെലുത്തിയെന്നാണ് പാര്‍ക്കിനെതിരെയുള്ള പ്രധാന ആരോപണം. പാര്‍ക്കിന്റെ നയപരിപാടികളുടെ പ്രചാരണത്തിനായാണ് ഈ പണം ഉപയോഗിച്ചതെന്നും ആരോപണമുണ്ട്. പാര്‍ക് ജനങ്ങളോട് മാപ്പുപറയുകയും രാജിവെക്കാന്‍ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇംപീച്ച്‌മെന്റ് നടപടികളില്‍നിന്ന് രക്ഷപ്പെടാനുള്ള പാര്‍ക്കിന്റെ തന്ത്രമാണിതെന്നാരോപിച്ച് രാജിവാഗ്ദാനം പ്രതിപക്ഷം തള്ളി.

കഴിഞ്ഞ ഒക്ടോബറിലാണ് ബാല്യകാലസുഹൃത്ത് ചോയ് സൂന്‍സിലുമായുള്ള പാര്‍ക്കിന്റെ വിവാദ ബന്ധം പുറത്തായത്. 15 ലക്ഷത്തോളം ആളുകളാണ് പാര്‍ക്കിന്റെ രാജിക്കായി പ്രക്ഷോഭം നടത്തിയത്. ദക്ഷിണ കൊറിയന്‍ ഏകാധിപതിയായിരുന്ന പാര്‍ക് ചുങ് ഹീയുടെ മകളാണ് പാര്‍ക്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയാറാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്മാരെല്ലാം തമാശയോടെയാണ് കണ്ടത്. ഒരു സ്ത്രീക്ക് രാജ്യത്തെ നയിക്കാന്‍ കഴിയില്ല എന്നു കരുതുന്നവരായിരുന്നു അവരിലേറെ പേരും. എന്നാല്‍, വിവാഹം കഴിക്കാത്തതിനാല്‍ കൂടുതല്‍ സമയം ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തനിക്കു സമയം കിട്ടുമെന്ന് വാദിച്ച പാര്‍ക് ഏവരേയും അത്ഭുതപ്പെടുത്തി ജയിച്ചുകയറുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.