1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹിന്റെ വിധി ഇന്നറിയാം, ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ വോട്ടെടുപ്പിന് സാധ്യത. ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേല്‍ ഇന്നു വോട്ടിംഗ് നടന്നേക്കുമെന്നാണു സൂചന. പ്രമേയം അവതരിപ്പിച്ച് 72 മണിക്കൂറിനകം വോട്ടിംഗ് നടത്തണമെന്നാണു നിബന്ധന. ഇപ്പോഴത്തെ പാര്‍ലമെന്റ് സമ്മേളനം ഇന്നവസാനിക്കും. ഈ സാഹചര്യത്തില്‍ ഇന്നു തന്നെ വോട്ടിംഗ് നടക്കാനാണു സാധ്യത.

സ്വതന്ത്രര്‍ ഉള്‍പ്പെടെ പ്രതിപക്ഷത്തിന് 300 അംഗപാര്‍ലമെന്റില്‍ 172 പേരുടെ പിന്തുണയുണ്ട്. ഭരണകക്ഷിയിലെ ചിലരും പ്രമേയത്തെ അനുകൂലിക്കുമെന്നാണു കരുതുന്നത്.പ്രമേയം പാസായാല്‍ പിന്നീട് ഭരണഘടനാബഞ്ചിനാണ് പാര്‍ക്കിനെതിരേ നടപടിയെടുക്കാന്‍ അധികാരം. 180 ദിവസമാണു സമയപരിധി.കോടതിയുടെ തീരുമാനംവരുംവരെ പാര്‍ക്കിനെ സസ്‌പെന്‍ഡു ചെയ്യുകയും ചുമതലകള്‍ പ്രധാനമന്ത്രിക്കു കൈമാറുകയും ചെയ്യും.

വിശ്വസ്ത സുഹൃത്ത് ചോയി സൂണ്‍സിലിനെ ഭരണത്തില്‍ ഇടപെടാന്‍ അനുവദിച്ചെന്നാണു പാര്‍ക്കിനെതിരേയുള്ള മുഖ്യ ആരോപണം. പാര്‍ക്കും ചോയിയും ചേര്‍ന്നു വന്‍കമ്പനികളില്‍ സമ്മര്‍ദം ചെലുത്തി ചോയിയുടെ കമ്പനികളിലേക്കു പണം ഒഴുക്കുകയായിരുന്നുവത്രെ. ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റാണു പാര്‍ക് ഗ്യൂന്‍ഹൈ.

ഇംപീച്ച്‌മെന്റ് വോട്ടിംഗ് നേരിടുന്ന രണ്ടാമത്തെ ദക്ഷിണകൊറിയന്‍ പ്രസിഡന്റും. 2004ല്‍ അന്നത്തെ പ്രസിഡന്റ് റോമൂണ്‍ ഹ്യൂയിനെ തെരഞ്ഞെടുപ്പു തിരിമറിയുടെയും കഴിവുകേടിന്റെയും പേരില്‍ പാര്‍ലമെന്റ് ഇംപീച്ചു ചെയ്തു.

എന്നാല്‍ രണ്ടു മാസത്തിനകം ഭരണഘടനാ കോടതി അദ്ദേഹത്തെ പ്രസിഡന്റ് പദത്തില്‍ വീണ്ടും അവരോധിച്ചു. കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച റോ 2009 ല്‍ മറ്റൊരു അഴിമതി അന്വേഷണക്കേസ് നേരിട്ടപ്പോള്‍ സ്വയം ജീവനൊടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.