1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2024

സ്വന്തം ലേഖകൻ: സങ്കീർണവും സംഭവബഹുലവുമായി രാഷ്ട്രീയാന്തരീക്ഷം തുടരുന്നതിനിടെ ബ്രിട്ടനിൽ‍ ജൂലൈ നാലിനു പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പ്രഖ്യാപിച്ചു. അടിയന്തര മന്ത്രിസഭായോഗത്തിനും ഇന്നലെ പകൽ മുഴുവൻ നീണ്ട അഭ്യൂഹങ്ങൾക്കും പിന്നാലെ വൈകുന്നേരം 5.15നാണ് പ്രധാനമന്ത്രി ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രഖ്യാപനം നടത്തിയത്.

മാധ്യമസമ്മേളനത്തിൽ ഭരണനേട്ടം എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ നയിക്കാൻ ആരെ എങ്ങനെ ജനം പിന്തുണയ്ക്കുമെന്നാണ് ഇനിയുള്ള പ്രധാന ചോദ്യമെന്നും ഓർമിപ്പിച്ചു. 11 ശതമാനമായിരുന്ന വിലക്കയറ്റം 2.3 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞതും എടുത്തുപറഞ്ഞു.

ഒന്നാം പാദത്തിലെ മികച്ച പ്രകടനത്തിനുശേഷം ബ്രിട്ടന്റെ ഈ വർഷത്തെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 0.7% വളർച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎം എഫ്) വിലയിരുത്തിയിരുന്നു. ഈ അനുകൂല വിലയിരുത്തലാണ് പെട്ടെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാൻ സുനാകിനു പ്രചോദനമായതെന്നു സൂചനയുണ്ട്. ഇതേസമയം, തിരഞ്ഞെടുപ്പിനു മുൻപ് കൂടുതൽ നികുതിയിളവുകൾ പ്രഖ്യാപിക്കരുതെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകിയിട്ടുണ്ട്.

പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ കെയ്ർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്കു വൻമുന്നേറ്റമുണ്ടായിരിക്കെ, സുനാകിന്റെ കൺസർവേറ്റീവ് പാർട്ടി കനത്ത വെല്ലുവിളി നേരിടുന്നു. അഭിപ്രായ സർവേകളിൽ 20 പോയിന്റ് മുന്നിട്ടുനിൽക്കുകയാണ് പ്രതിപക്ഷമായ ലേബർ.

കഴിഞ്ഞ 14 വർഷമായി ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണമാണ്. ഇന്ത്യൻ വംശജനായ സുനാക് പാർട്ടിയിലെ നേതൃമാറ്റത്തെ തുടർന്നു രണ്ടു വർഷം മുൻപാണു പ്രധാനമന്ത്രിയായത്. 5 വർഷത്തെ ഇടവേളയിലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കാറുള്ളതെങ്കിലും ആ സമയപരിധിക്കു മുൻപായി പ്രധാനമന്ത്രിക്കു തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാം. ബ്രിട്ടനിൽ അവസാനം പൊതുതിരഞ്ഞെടുപ്പു നടന്നത് 2019 ഡിസംബറിലാണ്.

14 വര്‍ഷം മുന്‍പ് 2010 മെയ് 11നു ഡേവിഡ് കാമറോണില്‍ തുടങ്ങി തെരേസ മെയിലൂടെ ബോറിസ് ജോണ്‍സണും ലിസ ട്രെസും കഴിഞ്ഞു അഞ്ചാമനായി ഋഷി സുനാക് വരെ എത്തിയ ഭരണ തുടര്‍ച്ചക്ക് ഇപ്പോള്‍ അന്ത്യമാകുമോ? ഏറെക്കുറെ അതിനുള്ള സാധ്യത തെളിയിക്കുകയാണ് പ്രവചന ഫലങ്ങള്‍ ഒക്കെ.

ഈ മാസം ആദ്യം നടന്ന പ്രാദേശിക ഇലക്ഷനില്‍ 474 കൗണ്‍സില്‍ സീറ്റുകളും പത്തു കൗണ്‍സില്‍ ഭരണവും നഷ്ടമായ വമ്പന്‍ തിരിച്ചടിയുടെ ആക്കം സൃഷ്ടിച്ച ഞടുക്കം മാറാന്‍ സമയം പോലും നല്‍കാതെയാണ് ഋഷി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക ആണെങ്കിലും തങ്ങളുടെ ചിലവില്‍ തിരഞ്ഞെടുപ്പ് ജയിക്കണ്ട എന്ന കണിശ നിലപാടില്‍ ഇപ്പോഴും തുടരുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്ലി.

നാണയപ്പെരുപ്പം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാനിഫെസ്റ്റോ പറഞ്ഞത് പോലെ അത്ഭുതകരമായി രണ്ടു ശതമാനത്തില്‍ എത്തിയത് മാത്രമാണ് നേട്ടമായി മാറുന്നത്. ഋഷി അധികാരം ഏല്‍ക്കുമ്പോള്‍ നാണയപ്പെരുപ്പം പത്തു ശതമാനത്തിനു മുകളില്‍ ആയിരുന്നെങ്കിലും നാണയപ്പെരുപ്പം കുറഞ്ഞതിന്റെ പ്രതിഫലനം ഇപ്പോഴും ജനങ്ങള്‍ക്ക് സാധന വിലയില്‍ ബോധ്യപ്പെടുന്നില്ല.

പക്ഷെ നാണയപ്പെരുപ്പം കുറഞ്ഞ കണക്കില്‍ പ്രധാനമായും വിശ്വസിച്ചാണ് ഋഷി സുനാക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കരുതുന്ന അനേകം ആളുകളുണ്ട്. ഇതോടൊപ്പം ജി 7 രാജ്യങ്ങളില്‍ ബ്രിട്ടന്‍ വമ്പന്‍ കുതിപ്പ് നടത്തുകയാണ് എന്ന വാര്‍ത്തകള്‍ വന്നതും തിരഞ്ഞെടുപ്പ് പോരില്‍ ഗുണം ചെയ്യും എന്നാണ് ടോറികളുടെ ചിന്ത.

പക്ഷെ കണക്കിലെ കളികള്‍ വോട്ടാകുമോ എന്നാണ് കണ്ടറിയേണ്ടത്. വോട്ടായില്ലെങ്കില്‍ ചരിത്രത്തിലെ വമ്പന്‍ പരാജയമാകും ടോറികള്‍ കണ്ടു നില്‍ക്കേണ്ടി വരിക. ഏകദേശം 20 പോയിന്റിലേറെ വ്യത്യാസമാണ് ഇപ്പോള്‍ ടോറികളും ലേബറും തമ്മില്‍ നിലനില്‍ക്കുന്നത്. ഇതാദ്യമായി ഒരു മലയാളി മത്സരിക്കുന്നു എന്നതും വിജയ പ്രതീക്ഷയുമായി ആഷ്ഫോഡില്‍ സോജന്‍ ജോസഫ് മുന്നേറുകയാണ് എന്ന വാര്‍ത്തയും യുകെ മലയാളി സമൂഹത്തിനും ഏറെ ആവേശം സൃഷ്ടിക്കുകയാണ് തിരഞ്ഞെടുപ്പ്.

അതേസമയം, നോര്‍ത്തേണ്‍ അയര്‍ലന്റിലും സ്‌കോട്‌ലന്റിലും ജൂലായ് ആദ്യവാരമാണ് സ്‌കൂള്‍ അവധിക്കാലം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ മക്കളുടെ സ്‌കൂള്‍ അവധി കണക്കിലെടുത്ത് നാട്ടിലേക്ക് പോകാനും വിനോദയാത്രയ്ക്കും മറ്റും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് പേര്‍ക്ക് വോട്ടു ചെയ്യാനാകില്ലായെന്നതും വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

സജീവ രാഷ്ട്രീയ പ്രവര്‍ത്തനവുമായി മലയാളികള്‍ തന്നെ മുന്‍ നിരയില്‍ പലയിടങ്ങളിലും നില്‍ക്കുന്നുണ്ട്. ഓരോ വോട്ടുകളും അവിടെ നിര്‍ണായകമാകുന്ന സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് വോട്ടുകള്‍ ഇത്തരത്തില്‍ നഷ്ടമാകുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.