1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2023

സ്വന്തം ലേഖകൻ: യുഎസില്‍, പറക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ അമിതമായ കുലുക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ഇതേ തുടര്‍ന്ന് കണറ്റിക്കട്ടിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വിമാനത്തിനുണ്ടാകുന്ന കുലുക്കംമൂലം യാത്രക്കാരുടെ ജീവന്‍ അപകടത്തിലാകുന്നത് അത്യപൂര്‍വസംഭവമാണ്. അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ന്യൂഹാംപ്‌ഷെയറിലെ കീനില്‍നിന്ന് വെര്‍ജീനിയയിലെ ലീസ്ബര്‍ഗിലേക്ക് സഞ്ചരിക്കുകയായിരുന്ന സ്വകാര്യവിമാനം ന്യൂ ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് അമിതമായ കുലുക്കം അനുഭവപ്പെട്ടത്. ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന വിവരമല്ലാതെ കൂടുതല്‍ പ്രതികരണത്തിന് കണറ്റിക്കട്ട് പോലീസ് തയ്യാറായില്ല.

റിപ്പോര്‍ട്ടുകളനുസരിച്ച് ബ്രാഡ്‌ലി വിമാനത്താവളത്തില്‍നിന്ന് വൈകുന്നേരം 3.40 ഓടെ മെഡിക്കല്‍ സഹായം തേടി പോലീസിനെ ബന്ധപ്പെടുകയും ഒരു യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മിസ്സോറിയിലെ കാന്‍സാസ് ആസ്ഥാനമായ കോണെക്‌സോണ്‍ എന്ന കമ്പനിയുടേതാണ് വിമാനം.

വിമാനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരോടും മറ്റ് യാത്രക്കാരോടും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ അന്വേഷണസംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിമാനത്തിന്റെ കോക്പിറ്റ് വോയിസും ഡേറ്റ റിക്കോഡേഴ്‌സും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ആഴ്ചക്കിടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിക്കും. വിമാനത്തിനുണ്ടായിട്ടുള്ള തകരാറുകളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മരിച്ച വ്യക്തി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോ എന്ന വിവരവും അന്വേഷിക്കുന്നുണ്ട്.

അന്തരീക്ഷത്തിലെ വായുപ്രവാഹത്തിന്റെ അസ്ഥിരത മൂലമാണ് വിമാനത്തില്‍ കുലുക്കമുണ്ടാകുന്നത്. വിമാനയാത്രയിലെ സുരക്ഷാഉപാധികള്‍ മുമ്പത്തേക്കാളേറെ പുരോഗമിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ മരണം സംഭവിക്കുന്നത് അപൂര്‍വമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.