1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 28, 2023

സ്വന്തം ലേഖകൻ: ഏഷ്യാന എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പായി എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന യാത്രക്കാരന്‍ അറസ്റ്റില്‍. ദക്ഷിണ കൊറിയയുടെ റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യാനിരിക്കെയാണ് യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തുറന്നത്. 650 അടി ഉയരത്തില്‍ വിമാനം നില്‍ക്കുമ്പോഴാണ് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത്. വിമാനത്തില്‍ 200 യാത്രക്കാരുണ്ടായിരുന്നു.

യാത്രക്കാര്‍ക്ക് കാര്യമായ പരുക്കുണ്ടായില്ലെങ്കിലും നിരവധി യാത്രക്കാര്‍ക്ക് ശ്വാസതടസം ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളുണ്ടായി. ജെജു ഐലന്റില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. എമര്‍ജന്‍സി എക്‌സിറ്റിന്റെ ലിവറിന്റെ സഹായത്തോടെ ഒറ്റയ്ക്കാണ് യാത്രക്കാരന്‍ വാതില്‍ തുറന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. വാതില്‍ തുറന്ന് ഇയാള്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചെന്ന് വിമാനത്തിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പറയുന്നു. വാതില്‍ തുറന്നതോടെ ശക്തമായ കാറ്റ് വിമാനത്തിലേക്ക് ഇരച്ചുകയറി. യാത്രക്കാരുടെ വസ്ത്രങ്ങളും തലമുടിയും പാറിപ്പറക്കാന്‍ തുടങ്ങി. യാത്രക്കാര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍ ഉണ്ടായത് മൂലം വലിയ ദുരന്തം ഒഴിവായി.

ഇയാള്‍ മദ്യപിച്ചിരുന്നോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും പിന്നീടുള്ള പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയില്‍ അല്ലായിരുന്നുവെന്ന് കണ്ടെത്തി. എന്തിനാണ് യാത്രക്കാരന്‍ വാതില്‍ തുറന്നത് എന്ന കാര്യം ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എമര്‍ജന്‍സി എക്‌സിറ്റ് തുറന്നതിനിനെ തുടര്‍ന്ന് പരുക്കേറ്റ് ഒന്‍പത് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരന്‍ ചെയ്തത് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.