1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2024

സ്വന്തം ലേഖകൻ: യുകെയിലെ മിക്ക വിമാനത്താവളങ്ങളിലും, പാസ്സ്‌പോര്‍ട്ട് ഇ ഗെയ്റ്റിലുണ്ടായ സാങ്കേതിക പ്രതിസന്ധി യാത്രക്കാരെ ഏറെ വലച്ചു. ഹീത്രൂ, ഗാറ്റ്‌ വിക്ക്, എഡിന്‍ബര്‍ഗ്, ബര്‍മ്മിംഗ്ഹാം, ബ്രിസ്റ്റോള്‍, ന്യൂ കാസില്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ എല്ലാം തന്നെ സാങ്കേതിക തകരാറ് ചൊവ്വാഴ്ച യാത്ര വൈകിപ്പിച്ചതാായി ബോര്‍ഡര്‍ ഫോഴ്സ് സ്ഥിരീകരിച്ചു.

ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്‌വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്.

ബോര്‍ഡര്‍ കണ്‍ട്രോളിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമായത്. ഹോളിഡേ കഴിഞ്ഞെത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൈകുന്നേരം പാസ്‌പോര്‍ട്ട് കണ്‍ട്രോളില്‍ ചെലവഴിക്കേണ്ടതായി വന്നു. ഐടി പ്രശ്‌നം മൂലം തങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ മാനുവലായി പരിശോധിക്കേണ്ട ഗതികേട് നേരിട്ടതോടെ ബ്രിട്ടീഷ് യാത്രക്കാര്‍ ക്ഷുഭിതരായി.

ഗേറ്റുകളെ ബാധിക്കുന്ന സാങ്കേതിക പ്രശ്‌നത്തെ കുറിച്ച് അറിവുള്ളതായും, ബോര്‍ഡര്‍ ഫോഴ്‌സുമായി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനും ശ്രമിക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബോര്‍ഡര്‍ ഫോഴ്‌സ് സോഫ്റ്റ്‌വെയറിലെ സാങ്കേതിക പ്രശ്‌നം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഹീത്രൂ, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങള്‍ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്‌നത്തില്‍ ഇവര്‍ ഖേദം രേഖപ്പെടുത്തി.

കഴിഞ്ഞ ആഴ്ച ഹീത്രൂവില്‍ നാല് ദിവസത്തെ സമരം നടത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്. ബോര്‍ഡര്‍ ഫോഴ്‌സ് ജോലിക്കാര്‍ നടത്തിയ സമരത്തിന്റെ ആഘാതം ഒഴിയുന്നതിന് മുന്‍പാണ് സാങ്കേതിക പ്രശ്‌നം കുരുക്കിലാക്കിയത്. അര്‍ദ്ധരാത്രിയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ ഇനിയും സമയമെടുക്കും.

ഒരു വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിനായി, ഫേസ് റെക്കഗ്‌നിഷന്‍ നടത്തുന്ന ഓട്ടോമേറ്റഡ് ഗെയ്റ്റുകളാണ് ഇ- ഗെയ്റ്റുകള്‍. അതുകൊണ്ടു തന്നെ, യുകെയിലേക്ക് എത്തുന്ന ഒരാള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ പരിശോധനക്കായി സമയം ചെലവഴിക്കേണ്ടതില്ല. യു കെയിലെ 15 വിമാനത്താവളങ്ങളിലും റെയില്‍ പോര്‍ട്ടുകളിലുമായ് 270 ല്‍ അധികം ഇ- ഗെയ്റ്റുകളാണ് ഉള്ളത്.

നീണ്ട ക്യൂ മൂലം പുറത്തിറങ്ങാന്‍ വൈകിയാല്‍ അധികമായി നല്‍കേണ്ട കാര്‍ പാര്‍ക്കിംഗ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഹീത്രൂവില്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ വ്യക്തിഗതമായി പരിശോധിക്കുകയാണെന്ന് ഒരു യാത്രക്കാരന്‍ അറിയിച്ചു. ഇതാദ്യമായല്ല, യു കെ വിമാനത്താവളങ്ങള്‍ സാങ്കേതിക പിഴവ് അഭിമുഖീകരിക്കുന്നത്. 2023 മെയ് മാസത്തിലും ഇത്തരം പിഴവ് യത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.