1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2022

സ്വന്തം ലേഖകൻ: പാസ്‌പോർട്ടിൽ ഒറ്റ പേര് (സിംഗിൾ നെയിം) മാത്രമുള്ളവർക്ക് യുഎഇ സന്ദർശക-ടൂറിസ്റ്റ് വീസ ലഭിക്കില്ലെന്ന യുഎഇ സർക്കാരിന്റെ അറിയിപ്പ് വന്നതോടെ ഒറ്റ പേരുകാർ ആശങ്കയിലാണ്. പാസ്‌പോർട്ടിൽ ഒറ്റ പേര് മാത്രമുള്ളവർക്ക് യുഎഇയിലേയ്ക്കോ അവിടെ നിന്നോ വീസ അനുവദിക്കില്ലെന്ന് യുഎഇ നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്ററാണ് (എന്‍എഐസി) അറിയിച്ചത്.

ഇമിഗ്രേഷൻ ശക്തമാക്കുന്നതിനാണ് പുതിയ സംവിധാനം. പെട്ടെന്നുള്ള നിർദേശമായതിനാലും നിയമങ്ങൾ കർശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടും പേര് മാറ്റാനുള്ള നടപടികൾ തേടുകയാണ് പ്രവാസികൾ. 21 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്.

സന്ദര്‍ശക-ടൂറിസ്റ്റ് വീസയിലെത്തുന്ന സിംഗിൾ നെയിം മാത്രം രേഖപ്പെടുത്തിയവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി നല്‍കില്ലെന്നാണ് അറിയിപ്പ്. ഉദാഹരണത്തിന് ഒരാളുടെ പാസ്‌പോർട്ടിൽ ഗിവൺ നെയിം (given name) അരുൺ എന്ന് മാത്രമാണ്. സർനെയിം (surname) സ്ഥാനത്ത് യാതൊന്നും എഴുതിയിട്ടില്ലെങ്കിൽ അയാൾക്ക് യുഎഇ സന്ദർശനത്തിന് വീസ അനുവദിക്കില്ല.

ഇന്ത്യൻ പാസ്‌പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിങ്ങനെയാകും രേഖപ്പെടുത്തിയിട്ടുണ്ടാകുക. സർനെയിം ആണ് ആദ്യം വരുന്നത്. ഇത് അപേക്ഷകന്റെ അച്ഛന്റെ പേരോ, കുടുംബത്തിന്റെ പേരോ ആകാം.

അല്ലെങ്കിൽ അപേക്ഷകന്റെ പേരിന്റെ രണ്ടാം ഭാഗമാകാം. ഗിവൺ നെയിമിലാണ് നിങ്ങളുടെ പേര് രേഖപ്പെടുത്തുന്നത്. സർനെയിം കോളം/ഫീൽഡ് കാലിയായി കിടക്കുന്നവരാണ് പുതിയ നിയമത്തിന്റെ പരിധിയിൽ വരുന്നത്.

റെസിഡന്റ്/ തൊഴില്‍ വീസയിലെത്തുന്നവര്‍ക്ക് നിയമം തൽക്കാലം ബാധകമല്ല. എന്നാൽ അവരും അത് പിന്നീട് മാറ്റേണ്ടതുണ്ട്. യുഎഇ താമസമാക്കിയവർക്ക് പാസ്‌പോർട്ടിലെ പേര് മാറ്റാനായി അവിടുത്തെ ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാൽ മതി. പാസ്‌പോർട്ടിൽ പേര് മാറ്റിയാൽ റെസിഡന്റ്,തൊഴിൽ വീസയിലും മാറ്റം വരുത്താനാകും.

പാസ്‌പോർട്ടിൽ പേര് മാറ്റാനായി പാസ്‌പോർട്ട് ഓഫിസിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒന്നായി കിടക്കുന്ന പേര് രണ്ടാക്കാൻ ആണെങ്കിലും അപേക്ഷ നൽകണം. ഔദ്യോഗിക വെബ്സൈറ്റിൽ ഓൺലൈൻ ഫോമിൽ പാസ്‌പോർട്ടിന്റെ റിഇഷ്യുവിനായി അപേക്ഷിക്കുക.

പാസ്‌പോർട്ട് അപേക്ഷ സ്വീകരിച്ചശേഷം, പുതിയതായി പാസ്‌പോർട്ട് എടുക്കുമ്പോൾ ഉള്ള അതേ നടപടിക്രമങ്ങൾ ആരംഭിക്കും. അതിനുശേഷം അപേക്ഷകന്റെ പഴയ പാസ്‌പോർട്ട് കാൻസൽ ചെയ്ത് പുതിയവ അനുവദിക്കും.

സാധാരണഗതിയിൽ പാസ്‌പോർട്ടിനായി അപേക്ഷിച്ചാൽ 1-2 ആഴ്ചകൾക്ക് ഉള്ളിൽതന്നെ അനുവദിച്ച് കിട്ടും. പോലീസ് വെരിഫിക്കേഷൻ ആവശ്യമുള്ള കേസുകളിൽ, അവിടെ നിന്ന് റിപ്പോർട്ട് വരുന്നതിന്റെ കാലതാമസം ഉണ്ടാകും. ആവശ്യമായ രേഖകളുടെ അഭാവത്തിലാണ് റിപ്പോർട്ട് വൈകാൻ സാധ്യതയുള്ളത്.

ജനന സർട്ടിഫിക്കറ്റിലും മറ്റു രേഖകളിലും ഒറ്റ പേരാണ് ഉള്ളതെങ്കിൽ പേര് മാറ്റുന്നതിന്റെ നടപടിക്രമങ്ങൾ നടത്തണം. പാസ്‌പോർട്ടിൽ പേര് മാറ്റാനായി രണ്ട് ഔദ്യോഗിക രേഖകളാണ് വേണ്ടത്. ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ഉപയോഗിക്കാം. ഇവയുടെ ഫോട്ടോകോപ്പിയും പേര് മാറ്റുന്ന സംബന്ധിച്ച് നൽകിയ അറിയിപ്പും അത് പ്രസിദ്ധീകരിച്ച പത്രറിപ്പോർട്ടുകളുടെ കട്ടിങ്ങും ഒപ്പം നൽകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.