1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 6, 2018

സ്വന്തം ലേഖകന്‍: പ്രമുഖ ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. 1931 ആഗസ്റ്റ് 13ന് കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍.കുഞ്ചു നായരുടെയും എന്‍.ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച അദ്ദേഹം സംസ്‌കൃതത്തില്‍ ‘ശാസ്ത്രി’യും ഫിസിക്‌സില്‍ ബിഎസ്‌സി ബിരുദവും നേടിയതിനു ശേഷം തന്റെ ജീവിതം നല്ല മലയാളത്തിനായി സമര്‍പ്പിക്കുകയായിരുന്നു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എംഎ മലയാളം ഒന്നാം റാങ്കോടെ ജയിച്ച് (1957) ഡോ. ഗോദവര്‍മ്മസ്മാരക സമ്മാനം നേടി. രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍ ആയിരുന്നു.തുടര്‍ന്ന് പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം ഗവ. കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളവിഭാഗം അധ്യക്ഷനായിരിക്കെ 1987ല്‍ സര്‍വീസില്‍നിന്നു പിരിഞ്ഞു. കേരളഗ്രന്ഥശാലാ സംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഇവയുടെ സമിതികളിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു.

കെ.എന്‍.ഗോമതിയമ്മയാണ് ഭാര്യ. ഭാഷാശുദ്ധി ലക്ഷ്യമിട്ട് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചു. അവസാന കാലം വരെയും തെളിമലയാളം പഠിപ്പിക്കാന്‍ ക്ലാസുകളെടുത്തിരുന്നു. മലയാള ഭാഷയുടെ ഉപയോഗത്തില്‍ സര്‍വ്വസാധാരണമായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.