
സ്വന്തം ലേഖകൻ: അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രികളിൽ കൊവിഡ് പരിശോധനയ്ക്കുള്ള പിസിആർ ടെസ്റ്റിന്റെ നിരക്ക് 85 ദിർഹമാക്കി കുറച്ചു. ഇതുവരെ ഈ ആശുപത്രികളിൽ 250 ദിർഹമായിരുന്നു. തുടക്കത്തിൽ 370 ദിർഹം ഈടാക്കിയിരുന്നു. ദുബായ് ഹെൽത്ത് അതോറിറ്റിക്കു കീഴിലെ ആശുപത്രികളിൽ ഫീസ് 150 ദിർഹമാണ്. 250 ദിർഹത്തിന് 3 പിസിആർ ടെസ്റ്റ് ചില സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നടത്തുന്നുണ്ട്.
അബുദാബി, അൽഐൻ, ദുബായ് എന്നിവിടങ്ങളിൽ ശാഖകളുള്ള മെന ലാബ്സിലാണ് ഈ നിരക്ക്. അബുദാബിയിലെ അഡ്വാൻസ്‍ഡ് സെന്റർ ഫോർ ഡേകെയർ സർജറിയിൽ 270 ദിർഹത്തിനാണ് 3 പിസിആർ ടെസ്റ്റു നടത്തുന്നത്. സ്വകാര്യ ക്ലിനിക്കുകളും 3 തവണകളായാണു നിരക്ക് കുറച്ചത്. അബുദാബിയിലേക്കു പ്രവേശിക്കാൻ 48 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ ടെസ്റ്റ് വേണം.
വിവിധ എമിറേറ്റുകളിൽനിന്ന് അബുദാബി സന്ദർശിക്കുന്നവരും മറ്റ് എമിറേറ്റുകളിൽ പോയി തിരിച്ചെത്തുന്നവരും തുടർച്ചയായി അബുദാബിയിൽ തങ്ങുകയാണെങ്കിൽ 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. എന്നാൽ അബുദാബിയിൽ എത്തി 3 ദിവസത്തിനകം മടങ്ങുന്നവർക്കു വേറെ പരിശോധന ആവശ്യമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല