1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 4, 2018

സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ പെഡ്രോ സാഞ്ചസും കാറ്റലോണിയയില്‍ ക്വിം ടോറയും അധികാരമേറ്റു; പ്രതീക്ഷയോടെ സ്പാനിഷ് ജനത. സ്‌പെയിനിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി സോഷ്യലിസ്റ്റ് നേതാവ് പെഡ്രോ സാഞ്ചസ് അധികാരമേറ്റു. അവിശ്വാസ വോട്ടെടുപ്പില്‍ മരിയാനോ രജോയി അപ്രതീക്ഷിതമായി പുറത്തായതോടെയാണു 350 അംഗ പാര്‍ലമെന്റില്‍ 84 സീറ്റു മാത്രമുള്ള സോഷ്യലിസ്റ്റുകള്‍ അധികാരം പിടിച്ചത്.

1999 മുതല്‍ 2005 വരെ കാലയളവില്‍ സര്‍ക്കാരിന്റെ കരാറുകള്‍ നല്‍കുന്നതിനു രജോയിയുടെ പോപ്പുലര്‍ പാര്‍ട്ടി നേതാക്കള്‍ കൈക്കൂലി വാങ്ങിയതായി കോടതി കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണു കഴിഞ്ഞയാഴ്ച സോഷ്യലിസ്റ്റ് പാര്‍ട്ടി അവിശ്വാസം കൊണ്ടുവന്നത്. ചെറുപാര്‍ട്ടികള്‍ ഉള്‍പ്പെടെ 180 പേര്‍ തുണച്ചതോടെ 2011ല്‍ അധികാരമേറ്റ രജോയിക്കു സ്ഥാനം ഒഴിയേണ്ടിവന്നു.

ഫിലിപ് ആറാമന്‍ രാജാവിനു മുന്‍പാകെ ഭരണഘടനയില്‍ കൈവച്ചായിരുന്നു സാഞ്ചസിന്റെ സത്യപ്രതിജ്ഞ. ഇതാദ്യമായാണ് സ്‌പെയിനില്‍ ഒരു പ്രധാനമന്ത്രി ബൈബിളിലോ ക്രൂശിതരൂപത്തിലോ കൈവയ്ക്കാതെ അധികാരമേല്‍ക്കുന്നത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ഭരണം മുന്നോട്ടു കൊണ്ടുപോകുക എന്നതാണു സാഞ്ചസിന്റെ വെല്ലുവിളി. നാല്‍പത്താറുകാരനായ സാഞ്ചസ് സാമ്പത്തിക വിദഗ്ധനും മുന്‍ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരനുമാണ്.

സ്‌പെയിനില്‍നിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയയിലും പുതിയ പ്രവിശ്യാ സര്‍ക്കാര്‍ സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിന്റെ അടുത്ത അനുയായി ക്വിം ടോറയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യവാദികളാണു സര്‍ക്കാര്‍ രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഏഴുമാസം നീണ്ട ഭരണം ഇതോടെ അവസാനിച്ചു. കഴിഞ്ഞ വര്‍ഷം പുജമോണ്ട് കാറ്റലോണിയയില്‍ നടത്തിയ ഹിതപരിശോധനയും സ്വാതന്ത്ര്യ പ്രഖ്യാപനവും നിയമവിരുദ്ധമാണെന്നു കോടതി വിധിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.