1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2015

പാട്രിയോറ്റിക്ക് യൂറോപ്യന്‍സ് എഗെയ്ന്‍സ്റ്റ് ദ് ഇസ്ലാമൈസേഷന്‍ ഓഫ് ദ് വെസ്റ്റ് (പെഗിഡാ) ഇംഗ്ലണ്ടില്‍ ആദ്യ റാലി നടത്താന്‍ ഒരുങ്ങുന്നു. കഴിഞ്ഞ മാസങ്ങളില്‍ ജര്‍മ്മനിയുടെ ഭരണസിരാ കേന്ദ്രത്തിന് മുന്നില്‍ സര്‍ക്കാരിന് പോലും ഭീഷണിയാകുന്ന തരത്തില്‍ സമരം നടത്തിയ സംഘടനയാണിത്. ഇംഗ്ലണ്ടില്‍ ഇവര്‍ നടത്തുന്ന ആദ്യ സമര പരിപാടിയാണിത്.

ഫെബ്രുവരി 28ന് ന്യുകാസിലില്‍ സമരം സംഘടിപ്പിക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇവരിത് പൊലീസിനെ അറിയിക്കുകയോ അനുവാദം വാങ്ങിക്കുകയോ ചെയ്തിട്ടില്ല. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സമരം സംഘടിപ്പിക്കുന്ന വിവരം ഇവര്‍ അറിയിച്ചിരിക്കുന്നത്.

തീവ്രവാദികളെ ആകര്‍ഷിക്കാനോ നിയമപരമല്ലാത്തത് എന്തെങ്കിലും ചെയ്യാനോ അല്ല സമരം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ ദ് മിറര്‍ പത്രത്തോട് പറഞ്ഞു. 500 മുതല്‍ 3000 പേരെയാണ് അവര്‍ സമരത്തിനായി പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

റാഡിക്കല്‍ ഇസ്ലാമുകള്‍ക്കും വിദ്വേഷ പ്രസംഗങ്ങള്‍ക്കും എതിരാണ് ഞങ്ങള്‍. മുസ്ലീംങ്ങള്‍ ചെയ്യേണ്ടത് പാശ്ചാത്യ ജീവിതരീതിയോട് ഇണങ്ങി ജീവിക്കുകയാണ്, അല്ലാതെ അവരുടെ രീതി ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയല്ലെന്നും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത സംഘാടകന്‍ പറഞ്ഞതായി ദ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം യുണൈറ്റ് എഗന്‍സ്റ്റ് ഫാസിസം എന്ന സംഘടന സമരത്തെ എതിര്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അവര്‍ ഇത് യൂറോപ്പില്‍ ഉടനീളം ചെയ്യുന്നതാണ്. അതുകൊണ്ട് അതിനെ അനുവദിച്ച് കൊടുത്തുകൂടെന്നും യൂണൈറ്റ് എഗന്‍സ്റ്റ് ഫാസിസം സംഘാടകര്‍ പറയുന്നു.

സമരം നടത്താന്‍ ഉദ്ദേശിക്കുന്ന ന്യൂകാസില്‍ നോര്‍ത്തുമ്പ്രിയ പൊലീസിന്റെ കീഴില്‍ വരുന്ന സ്ഥലമാണ്. എന്നാല്‍ പൊലീസിന് സമരം സംബന്ധിച്ച യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വക്താവ് പറഞ്ഞു.

മുന്‍പ് ജര്‍മ്മനിയില്‍ സമരം സംഘടിപ്പിച്ച സമയത്ത് ജര്‍മ്മന്‍ ചാന്‍സിലര്‍ എയ്ഞ്ചല മെര്‍ക്കല്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇവരുടെ മനസ്സിലുള്ളത് വിദ്വേഷമാണെന്ന വിമര്‍ശനമായിരുന്നു മെര്‍ക്കല്‍ ഉന്നയിച്ചത്.

കഴിഞ്ഞയിടക്ക് ഹിറ്റ്‌ലറെ പോലെ വേഷം കെട്ടിയതിന്റെ പേരില്‍ വിവാദത്തിലായത് പെഗിഡ സംഘടനയുടെ നേതാവായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.