മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. ഐഎസ്എല്ലില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മാച്ചില്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന പെലെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണാന്‍ ഡല്‍ഹിയിലുമെത്തും. ഒക്ടോബര്‍ 11ന് കൊല്‍ക്കത്തയിലാണ് പെലെ ആദ്യമെത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സീസണില്‍ പെലെ അതിഥിയായി എത്തുന്നത് മത്സരാര്‍ത്ഥികള്‍ക്കും കാഴ്ച്ചക്കാര്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണ്.
1977ല്‍ ന്യൂയോര്‍ക്ക് കോസ്‌മോ ക്ലബിനൊപ്പമാണ് പെലെ അവസാനമായി ഇന്ത്യയില്‍ എത്തിയത്. അന്ന് അത് പ്രദര്‍ശനമത്സരമായിരുന്നു. ഇത്തവണ കൊല്‍ക്കത്തയില്‍ എത്തുമ്പോള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സഹഉടമയയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലിയുമായും പെലെ കൂടിക്കാഴ്ച്ച നടത്തും.
ഒക്ടോബര്‍ 16നാണ് ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ സുബ്രതോ കപ്പിന്റെ ഫൈനല്‍ മത്സരം നടക്കുന്നത്. ഈ മത്സരം വീക്ഷിക്കാന്‍ അതിഥിയായി എത്തുന്ന പെലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. പെലെയും നെയ്മറും കളിപഠിച്ച ബ്രസീലിലെ സാന്റോസ് ക്ലബും ഇത്തവണ സുബ്രോത കപ്പ് ടൂര്‍ണമെന്റിനെത്തുന്നുണ്ട്. ഇന്ത്യ തനിക്ക് പ്രിയപ്പെട്ട രാജ്യമാണെന്നും താന്‍ ഏറെ ആവേശത്തിലാണെന്നും പെലെ പറഞ്ഞു. പതിനാല് വയസിന് താഴെയുള്ളവരുടെ സുബ്രതോ കപ്പ് ഫൈനല്‍ മത്സരം കാണുന്നതിന് ബ്രസീല്‍ മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസുമെത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല