1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2024

സ്വന്തം ലേഖകൻ: പേരാമ്പ്ര വാളൂരില്‍ യുവതിയെ തോട്ടില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി മുജീബ് റഹ്‌മാന്‍ കൊടുംക്രിമിനല്‍. മൂന്നരവര്‍ഷം മുന്‍പ് കോഴിക്കോട് മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിച്ച കേസിലും നിരവധി മോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. കൊണ്ടോട്ടി സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരേ 13 കേസുകളുണ്ട്. അഞ്ചുമാസം മുന്‍പ് ഒരു ആക്രിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്. ഈ കേസില്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പേരാമ്പ്ര വാളൂരില്‍ യുവതിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

മോഷണം, ബലാത്സംഗം ഉള്‍പ്പെടെ ഇതുവരെ 57 കേസുകളില്‍ മുജീബ്‌റഹ്‌മാന്‍ പ്രതിയാണെന്നാണ് വിവരം. ഇതില്‍ 13 കേസുകള്‍ കൊണ്ടോട്ടി സ്‌റ്റേഷനിലാണ്. വിവിധ ജില്ലകളിലായി മറ്റ് 44 കേസുകളും മുജീബിനെതിരേയുണ്ട്.

കുപ്രസിദ്ധ വാഹനമോഷ്ടാവ് വീരപ്പന്‍ റഹീമിന്റെ അടുത്ത കൂട്ടാളിയാണ് മുജീബ് റഹ്‌മാന്‍. സ്ത്രീകളെ ആക്രമിച്ച് ആഭരണങ്ങള്‍ കവരുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയത്. ഇതിനൊപ്പം മറ്റുമോഷണങ്ങളിലും ഇയാള്‍ പങ്കാളിയായിരുന്നു. അഞ്ചുമാസം മുന്‍പ് കിഴിശ്ശേരിയിലെ ആക്രിക്കടയില്‍ മോഷണം നടത്തിയതിനാണ് മുജീബ് റഹ്‌മാന്‍ അവസാനം അറസ്റ്റിലായത്.

സ്ത്രീകളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിലൂടെയാണ് മുജീബ് റഹ്‌മാന്‍ കുപ്രസിദ്ധി നേടിയതെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. മുക്കത്ത് വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയതിന് പുറമേ, മുസ്‌ലിയാരങ്ങാടിയില്‍ വീടിനുള്ളില്‍ കയറി സ്ത്രീയെ ആക്രമിച്ച് മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. മുസ്‌ലിയാരങ്ങാടിയില്‍ വീടിന്റെ വാതില്‍ കത്തിച്ചശേഷമാണ് ഇയാള്‍ വീടിനകത്തുകയറി സ്ത്രീയെ ആക്രമിച്ചത്.

അതേസമയം, ഇത്രയധികം കേസുകളില്‍ പ്രതിയായിട്ടും ഇയാള്‍ക്ക് എങ്ങനെ ജാമ്യം ലഭിച്ചതെന്നാണ് പ്രധാനചോദ്യം. ഏതെങ്കിലും കേസുകളില്‍ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ പേരാമ്പ്രയില്‍ യുവതിയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

മാര്‍ച്ച് 11-ാം തീയതിയാണ് പേരാമ്പ്ര വാളൂര്‍ സ്വദേശിനി അനുവിനെ മുജീബ് റഹ്‌മാന്‍ കൊലപ്പെടുത്തിയത്. നടന്നുപോവുകയായിരുന്ന യുവതിയെ ലിഫ്റ്റ് നല്‍കി ബൈക്കില്‍ കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ പ്രതി കൊലപ്പെടുത്തുകയായിരുന്നു. ശേഷം യുവതിയുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും ഇയാള്‍ കൈക്കലാക്കി.

കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കിലാണ് മുജീബ് വാളൂരിലേക്ക് എത്തിയത്. സംഭവത്തിനുശേഷം ബൈക്ക്‌ മലപ്പുറം എടവണ്ണപ്പാറ അങ്ങാടിക്കടുത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വര്‍ണം അബൂബക്കര്‍മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.