1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2018

സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ പ്രതിഷേധം കത്തുന്നു; കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബ്. അതിനിടെ രാവിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ പത്ത് ബ്രാഹ്മണരുടെ പൂണൂല്‍ ബലമായി അറുത്ത് മാറ്റിയ എട്ടംഗ സംഘത്തിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം.ചെന്നൈയ്ക്ക് സമീപം ട്രിപ്ലികെയ്‌നിലാണ് സംഭവം നടന്നത്. ഐസ് ഹൗസ് പൊലീസ് സ്റ്റേഷന് അടുത്ത് വച്ചാണ് എട്ടംഗ സംഘം ആക്രമണം നടത്തിയത്. ഇവര്‍ പെരിയാര്‍ അനുകൂല മുദ്രാവാക്യം മുഴക്കിയിരുന്നു.

‘പത്ത് പേരും മേല്‍വസ്ത്രം ധരിച്ചിരുന്നില്ല. ഇവര്‍ ക്ഷേത്രത്തില്‍ നിന്ന് മടങ്ങിവരികയായിരുന്നു. അക്രമികള്‍ പെരിയാറിനെ വാഴ്ത്തി മുദ്രാവാക്യം വിളിച്ചു. പൊലീസ് അവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്,’ ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രകോപനപരമായ പ്രസ്താവനയെ തുടര്‍ന്നാണ് പെരിയാറിന്റെ പ്രതിമ ഇന്നലെ ആക്രമിക്കപ്പെട്ടത്. തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ പ്രതിമയുടെ മൂക്കും കണ്ണടയും നെറ്റിയും ആക്രമണത്തില്‍ തകര്‍ന്നു. അക്രമി പൊലീസ് പിടിയിലായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ലെങ്കിലും സംഭവം തമിഴ്‌നാട്ടില്‍ പ്രതിഷേധം ഇളക്കിവിട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 9 മണിക്കായിരുന്നു തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ ആക്രമിക്കപ്പെട്ടത്. ഈ സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഭരണം ലഭിച്ചാല്‍ ആദ്യം ഇല്ലാതാക്കുക പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്.രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു പിന്നാലെ തിരുപ്പത്തൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പെരിയാറിന്റെ പ്രതിമയുടെ മൂക്കും നെറ്റിയും അടങ്ങിയ ഭാഗം തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ ഇന്നലെ രംഗത്തെത്തിയത്. ‘ആരാണീ ലെനിന്‍? ഇന്ത്യയില്‍ അയാള്‍ക്ക് എന്ത് കാര്യം? കമ്യൂണിസവും ഇന്ത്യയും തമ്മില്‍ എന്ത് ബന്ധം? ഇന്ന് ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു, നാളെ ജാതിവാദി പെരിയാറിന്റെ പ്രതിമകള്‍ തകര്‍ക്കും,’ രാജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നീടിത് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.