1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2017

സ്വന്തം ലേഖകന്‍: ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല, പെറുവില്‍ സ്വന്തം കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് അമ്മ. മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ മൃതദേഹം വീട്ടില്‍ സൂക്ഷിക്കണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പെറൂവിയന്‍ യുവതി മോണിക പാലോമിനോ തന്റെ നവജാത ശിശുവിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്.

ശനിയാഴ്ചയാണ് മോണിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്താഞ്ഞതിനാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കുഞ്ഞ് മരിച്ചു. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ താമസം നേരിട്ടതോടെ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ ഗൈനക്കോളജി വിഭാഗം തയ്യാറായില്ലെന്ന് മാത്രമല്ല വീട്ടിലേക്ക് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

‘ഞാന്‍ ആശുപത്രി വിടുമ്പോള്‍ അവര്‍ എനിക്ക് കുഞ്ഞിനെ തന്നു. മരണ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്, അതിനുള്ള സാവകാശം അവര്‍ എനിക്ക് നല്‍കിയില്ല. എന്റെ മകന്റെ മൃതദേഹം ഇപ്പോള്‍ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുകയാണ്. എനിക്ക് അവനെ സംസ്‌കരിക്കണം, പക്ഷെ അതിന് മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോകാതെ, തന്നെ ആശുപത്രി വിടാന്‍ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.’ മോണിക കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രശ്‌നം വിവാദമായതോടെ വിശദീകരണവുമായി ആശുപത്രി മാനേജ്‌മെന്റ് രംഗത്തെത്തി. ‘ഞങ്ങള്‍ യുവതിയുടെ പരാതി പരിശോധിച്ച് വരികയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിരുദ്ധമായി ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കും. എത്രയും പെട്ടെന്ന് തന്നെ മരണ സര്‍ട്ടിഫിക്കറ്റ് വിട്ട് നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളും.’ ആശുപത്രി ഡയറക്ടര്‍ ജൂലിയോ സില്‍വ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.