സ്വന്തം ലേഖകന്‍: പര്‍വേസ് മുഷറഫിന് പാക് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും റദ്ദാക്കി. പാകിസ്താനില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പാകിസ്താന് സുപ്രിം കോടതിയാണ് അനുമതി നല്‍കിയത്.
ഉപാധികളോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. മുഷറഫിനോട് കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയില്‍ ഹാജരാകുന്നതിന് മുന്‍പ് മുഷറഫിനെ അറസ്റ്റ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതി വാര്‍ത്ത പുറത്തുവന്ന് അല്‍പ്പ സമയത്തിനകം മുഷറഫിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡും പാസ്പോര്‍ട്ടും പ്രത്യേക കോടതി നിര്‍ദേശത്തെ തുടര്‍ന്നു പാക്കിസ്ഥാന് സര്‍ക്കാര്‍ റദ്ദാക്കി.
2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു 2014 മാര്‍ച്ചില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മുഷറഫ്, 2016 മാര്‍ച്ച് 18നു ചികില്‍സയ്ക്കു ദുബായില്‍ പോയതിനുശേഷം തിരിച്ചെത്തിയിട്ടില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നതിനാല്‍ പ്രത്യേക കോടതി അദ്ദേഹത്തെ പ്രഖ്യാപിത കുറ്റവാളിയാക്കി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണു മുഷറഫിന്റെ തിരിച്ചറില്‍ കാര്‍ഡും പാസ്പോര്‍ട്ടും സസ്പെന്‍ഡ് ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടത്.
ഇതോടെ മുഷറഫിന് ഇനി മറ്റു രാജ്യങ്ങളിലേക്കു സഞ്ചരിക്കാനാവില്ല. രാഷ്ട്രീയാഭയം ലഭിച്ചില്ലെങ്കില്‍ ദുബായിലെ താമസവും നിയമവിരുദ്ധമാകും. ബേനസീര്‍ ഭൂട്ടോ വധക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ മുഷറഫിനെതിരെ പാക്ക് കോടതികളിലുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത് എന്ന് മുഷറഫിന് ആജീവനാന്ത വിലക്കുണ്ട്. ഇതിനെതിരെ മുഷറഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രിം കോടതി പരിഗണനക്കെടുത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല