1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2023

സ്വന്തം ലേഖകൻ: കര്‍ണ്ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായി സേവനസംഘങ്ങള്‍ക്കും കൊലപാതക സംഘങ്ങള്‍ക്കും പി.എഫ്.ഐ. രൂപം നല്‍കിയെന്ന് എന്‍.ഐ.എ. ആരോപിക്കുന്നു. സേവനസംഘങ്ങള്‍ക്ക് ആയുധങ്ങളും അവയുടെ പരിശീലനവും നല്‍കി. ഏതാനും സംഘടനകളുടെ നേതാക്കളേയും പ്രവര്‍ത്തകരേയും നിരീക്ഷിക്കാനുള്ള തന്ത്രങ്ങള്‍ക്കായും ഇവരെ പരിശീലിപ്പിച്ചു. മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ലക്ഷ്യമിട്ടവരെ വധിക്കാനും ഇവര്‍ക്ക് പരിശീലനം നല്‍കിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

പ്രത്യേക സമുദായത്തിലെ നേതാക്കളെ കൊലപ്പെടുത്താന്‍ സേവനസംഘത്തിന്റെ ജില്ലാ നേതാവ് മുസ്തഫാ പൈചാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു നഗരത്തിലും സുള്ള്യ ടൗണിലും ബെല്ലാരെ ഗ്രാമത്തിലും ഗൂഢാലോചന നടത്തി. യുവമോര്‍ച്ച ജില്ലാ നേതാവ് പ്രവീണ്‍ നെട്ടാരുവിന് പുറമേ മറ്റ് മൂന്ന് പേരെക്കൂടി വധിക്കാന്‍ പദ്ധതിയിട്ടിരുന്നു.

മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ നോക്കി നില്‍ക്കെ പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് ജനങ്ങളില്‍ വലിയ തോതില്‍ ഭീതിയുണ്ടാക്കാനായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രത്യേക സമുദായത്തിലെ ആളുകളെ ഉദ്ദേശിച്ചായിരുന്നു ആക്രമമെന്നും കുറ്റപത്രത്തിലുണ്ട്.

ബെല്ലാരെ സ്വദേശിയായ പ്രവീണ്‍ നെട്ടാരു കഴിഞ്ഞ വര്‍ഷം ജൂലൈ 26-നാണ് കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നായിരുന്നു കണ്ടെത്തല്‍. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.