1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2021

സ്വന്തം ലേഖകൻ: ഫൈസർ-ബയോ‌ടെക് വാക്സീന്റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല വെളിപ്പെടുത്തി. നേരത്തെ ഇന്ത്യയ്ക്ക് 70 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന മരുന്നുകൾ സംഭാവന ചെയ്യുന്നതായി ഫൈസർ പ്രഖ്യാപിച്ചിരുന്നു.

“നിർഭാഗ്യവശാൽ, ഞങ്ങളുടെ വാക്സീൻ ഇന്ത്യയിൽ റജിസ്റ്റർ ചെയ്തിട്ടില്ല. എന്നിരുന്നാലും മാസങ്ങൾക്ക് മുൻപാണ് അപേക്ഷ സമർപ്പിച്ചത്. ഫൈസർ-ബയോ‌ടെക് വാക്സീൻ രാജ്യത്ത് ഉപയോഗിക്കുന്നതിനുള്ള അടിയന്തര അംഗീകാരത്തിനായി ഇന്ത്യൻ സർക്കാരുമായി ചർച്ച ചെയ്യുന്നു,“ അദ്ദേഹം പറഞ്ഞു.

കോവിഡിനെ നേരിടാന്‍ 510 കോടി രൂപയുടെ (70 മില്യണ്‍ ഡോളര്‍) മരുന്നുകള്‍ ഫൈസര്‍ നല്‍കും. യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കായി എത്തിക്കുമെന്ന് കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല അറിയിച്ചു.

ഇന്ത്യയിലെ ഗുരുതരമായ കോവിഡ് രോഗവ്യാപനത്തില്‍ ആശങ്കാകുലരാണെന്ന് ഫൈസര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പ്രതിജ്ഞാബദ്ധരാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുയാണെന്നും ബുര്‍ല പറഞ്ഞു.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 510 കോടി രൂപയില്‍ അധികം വിലമതിക്കുന്ന ഈ മരുന്നുകള്‍ ഉടന്‍ ലഭ്യമാകും. മരുന്നുകള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആല്‍ബര്‍ട്ട് ബുര്‍ല കൂട്ടിച്ചേര്‍ത്തു.

പരീക്ഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള കോവിഡ് -19 ആന്റിവൈറൽ ഗുളിക ഈ വർഷാവസാനത്തോടെ തയാറാകുമെന്ന് കഴിഞ്ഞ ദിവസം ഫൈസർ പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ തന്നെ കമ്പനി കോവിഡ്-19 നായി പുതിയ ആന്റിവൈറൽ തെറാപ്പി പരീക്ഷിക്കുന്നതിന്റെ പ്രാരംഭ ഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചിരുന്നു.

പ്രോട്ടീസ് ഇൻ‌ഹിബിറ്ററുകൾ‌ എന്നറിയപ്പെടുന്ന ഒരു തരം മരുന്നുകളുടെ ഭാഗമായിരിക്കും ഇത്. മനുഷ്യ കോശങ്ങളിൽ‌ വൈറസിനെ പകർത്തുന്ന ഒരു എൻ‌സൈമിനെ തടയുന്നതായിരിക്കും ഈ മരുന്ന്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ശരിയായി നടക്കുകയും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിക്കുകയും ചെയ്താൽ ഈ വർഷം അവസാനത്തോടെ മരുന്ന് യുഎസിൽ വിതരണം ചെയ്യുമെന്ന് ബുർല സി‌എൻ‌ബി‌സിയോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.