1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2021

സ്വന്തം ലേഖകൻ: ഫൈസറിന്റെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് സിഇഒ ആല്‍ബര്‍ട്ട് ബോര്‍ള. ഇന്ത്യ അടക്കമുള്ള ഇടത്തരം – താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ആസ്ഥാനമായ കമ്പനിയാണ് ഫൈസര്‍.

യു.എസ്.എ – ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്‌സ് വാര്‍ഷിക ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ആല്‍ബര്‍ട്ട് ബോര്‍ള ഇക്കാര്യം പറഞ്ഞത്. കോവിഡ് മൂലം കടുത്ത ദുരിതത്തിലൂടെയാണ് ഇന്ത്യ കടന്നുപോയത്. ഈ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയ്ക്ക് 200 കോടി ഡോസ് വാക്‌സിന്‍ നല്‍കും. ഇതില്‍ 100 കോടി ഡോസ് ഈ വര്‍ഷം നല്‍കും.

ഇന്ത്യ ഗവര്‍ണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. കരാര്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചാലുടന്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ നയത്തിന്റെ നട്ടെല്ലായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തന്നെ തുടരും.

എന്നാല്‍ ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ ഇന്ത്യയുടെ വാക്‌സിനേഷന്‍ ദൗത്യത്തിന് കരുത്ത് പകരും. കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ നിരവധി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഫൈസര്‍ ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഫൈസറിനും മോഡേണയ്ക്കും നിയമ നടപടികളില്‍നിന്ന് സംരക്ഷണം ലഭിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

വാക്‌സിന് ഇന്ത്യയില്‍ വേഗത്തില്‍ അനുമതി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഫൈസറിനും മോഡേണയ്ക്കും ഇന്ത്യയില്‍ അനുമതി ലഭിക്കുന്നതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ കുത്തിവെക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും അവകാശപ്പെട്ടിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.