1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2022

സ്വന്തം ലേഖകൻ: ഉരുൾപൊട്ടലിൽ പെട്ട ബാലന് ഫ്രിഡ്ജിനുള്ളിൽ കയറിയിരുന്ന് അത്ഭുതരക്ഷ. ഫിലിപ്പീൻസിലാണ് സംഭവം. 11കാരനായ കുട്ടിയാണ് 20 മണിക്കൂറോളം സമയം ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയത്. സി.ജെ.ജാസ്‌മെ എന്നാണ് ഈ കുട്ടിയുടെ പേര്. വെള്ളിയാഴ്ച ഫിലിപ്പീൻസിലെ ബാബെ നഗരത്തിലുണ്ടായ ഉരുൾപൊട്ടലിൽ ജാസ്‌മെയും അവന്റെ കുടുംബവും അകപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ആളുകളാണ് ഫ്രിഡ്ജിനുള്ളിൽ നിന്നും ജാസ്‌മെയെ കണ്ടെത്തുന്നത്.

മണ്ണിടിച്ചിൽ ഉണ്ടായ ഉടനെ തന്നെ ജാസ്‌മെ ഇതിനുള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഏകദേശം 20 മണിക്കൂറോളം സമയം ജാസ്‌മെ ഇതിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മണ്ണിടിച്ചിൽ ഉണ്ടായെന്ന സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ ഇവിടെ എത്തുന്നത്. തുടർന്ന് നടത്തിയ തിരിച്ചിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. തനിക്ക് വിശക്കുകയാണെന്നാണ് രക്ഷാപ്രവർത്തകരോട് കുട്ടി ആദ്യം പറഞ്ഞത്.

കുട്ടിയെ രക്ഷപെടുത്തുമ്പോൾ അവന് ബോധമുണ്ടായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അവന്റെ ഒരു കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. കുട്ടിയ്‌ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയെന്നും, ഒടിഞ്ഞ കാലിന് ശസ്ത്രക്രിയ നടത്തിയെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം ജാസ്‌മെയുടെ കുടുംബത്തിന് അവന് കിട്ടിയ ഭാഗ്യം ഉണ്ടായില്ലെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. ജാസ്‌മെയുടെ വീട് പൂർണമായും മണ്ണിടിച്ചിലിൽ തകർന്നു. ജാസ്‌മെയുടെ അമ്മയേയും അനുജത്തിയേയും ഇതുവരെ കണ്ടെത്താനായില്ല. 13 വയസ്സുള്ള മറ്റൊരു സഹോദരൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടതായും വിവരമുണ്ട്. ശക്തമായ കൊടുങ്കാറ്റ് ഉണ്ടായതിന് പിന്നാലെയാണ് ബാബെയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ 172 പേർ മരിച്ചതായാണ് വിവരം. 200ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ നടക്കുകയാണെന്നാണ് വിവരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.