1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2021

സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരെ ജയിലിലടയ്ക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുന്നതു കൂടാതെ ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഡ്യൂട്ടര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയില്‍ തന്നെ തുടരുന്നതിലുള്ള അമര്‍ഷം ഡ്യൂട്ടര്‍ട്ട് ഇത്തരത്തില്‍ പ്രകടിപ്പിച്ചത്.

“വാക്‌സിനെടുക്കാന്‍ താത്പര്യമില്ലെങ്കില്‍ നിങ്ങള്‍ ഫിലിപ്പീന്‍സ് വിട്ടു പോകുക, ഇന്ത്യയിലോ അമേരിക്കയിലോ എവിടെ വേണമെങ്കിലും നിങ്ങള്‍ക്ക് പോകാം. ഇവിടെ തുടരുന്നിടത്തോളം കാലം മനുഷ്യനെന്ന നിലയില്‍ നിങ്ങള്‍ വൈറസ് വാഹകരായി പ്രവര്‍ത്തിക്കാമെന്നതിനാല്‍ വാക്‌സിന്‍ എടുക്കുക തന്നെ വേണം,“ ഡ്യൂട്ടര്‍ട്ട് പറഞ്ഞു.

വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ പോകാനാണോ വാക്‌സിനെടുക്കാനാണോ താത്പര്യമെന്ന് ചോദിക്കുമെന്നും വാക്‌സിന്‍ വേണ്ടെന്ന് മറുപടി നല്‍കുന്നവർക്ക് ബലമായി താന്‍ വാക്‌സിന്‍ കുത്തിവെക്കുമെന്നും ഡ്യൂട്ടര്‍ട്ട് കൂട്ടിച്ചേര്‍ത്തു. വിവാദപരവും കാര്‍ക്കശ്യം നിറഞ്ഞതുമായ പ്രസ്താവനകളിലൂടെ സ്ഥിരമായി വാര്‍ത്തകളില്‍ നിറയുന്ന രാഷ്ട്ര നേതാവാണ് ഡ്യൂട്ടര്‍ട്ട്.

വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരം മാത്രം വാക്‌സിന്‍ സ്വീകരിക്കാൻ എത്തുന്ന രീതി ഫിലിപ്പീന്‍സ് തിങ്കളാഴ്ച റദ്ദാക്കി. ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെ 28,000 പേര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള അറിയിപ്പ് നല്‍കിയിട്ടും 4,402 പേര്‍ മാത്രമാണ് തലസ്ഥാനമായ മനിലയില്‍ തിങ്കളാഴ്ച എത്തിച്ചേര്‍ന്നത്. കൂടുതല്‍ ആകര്‍ഷകവും ലളിതവുമായ നയങ്ങളിലൂടെ മാത്രമേ വാക്‌സിന്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ജനങ്ങളെ പ്രേരിപ്പിക്കാനാവൂ എന്ന് മനില മേയര്‍ ഇസ്‌കോ മൊറേനോ അഭിപ്രായപ്പെട്ടു.

വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് അതിര്‍ത്തികളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായി ഹെല്‍ത്ത് അണ്ടര്‍ സെക്രട്ടറി മരിയ റൊസാരിയോ വെര്‍ഗെയര്‍ അറിയിച്ചു. 5,249 പുതിയ കോവിഡ് കേസുകളും 128 മരണവുമാണ് തിങ്കളാഴ്ച ഫിലിപ്പീന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 1.36 ദശലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 23,749 പേര്‍ കോവിഡ് മൂലം മരിച്ചു. 22,10,134 പേര്‍ ഇതു വരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.