1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2018

സ്വന്തം ലേഖകന്‍: ദുബൈയില്‍ ജനിച്ചയുടന്‍ ചോരകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന ഫിലിപ്പീന്‍ യുവതിക്ക് 25 വര്‍ഷം തടവ്. അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ജനിച്ചയുടന്‍ ശുചിമുറിയില്‍ വച്ചു കൊലപ്പെടുത്തിയ കേസില്‍ ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്ക് കടുത്ത ശിക്ഷ. 33 വയസ്സുള്ള വീട്ടുജോലിക്കാരിക്ക് ജീവപര്യന്തം തടവു ശിക്ഷ (25 വര്‍ഷം)യാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്.

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവിട്ടു. മനഃശാസ്ത്ര വിദഗ്ദര്‍ യുവതിയെ പരിശോധിക്കുകയും ഇവരുടെ മനോനിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും വ്യക്തമാക്കി. ആണ്‍ കുഞ്ഞിന്റെ വായില്‍ തുണിതിരുകിയാണ് കൃത്യം നടത്തിയത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16ന് സ്‌പോണ്‍സറുടെ സഹോദരിയുടെ അല്‍ ഖാസിസിലുള്ള ഫ്‌ലാറ്റിലാണ് സംഭവം.

കേസില്‍ ഏറെ നിര്‍ണായകമായത് ഫിലിപ്പീന്‍ യുവതിയുടെ സ്‌പോണ്‍സറുടെ സഹോദരിയും എയര്‍ ഹോസ്റ്റസുമായ മുപ്പത്തിയാറുകാരിയുടെ മൊഴിയാണ്. ‘സംഭവ ദിവസം ഒരു മണിയോടെ ഫിലിപ്പിന്‍ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്‌ലാറ്റില്‍ കണ്ടു. കാര്യം തിരക്കിയപ്പോള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നു പറഞ്ഞു. തുടര്‍ന്ന് ശുചിമുറിയില്‍ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവില്‍ പുറത്തുവന്നപ്പോള്‍ അവരുടെ കയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു.

അടുക്കളയുടെ വാതിലിന് സമീപം അത് വച്ചു. ഒരു കസേരയില്‍ ഇരിക്കുകയും ചെയ്തു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാല്‍ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞെങ്കിലും അവര്‍ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലന്‍സ് വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത് യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും’ സ്‌പോണ്‍സറുടെ സഹോദരി കോടതിയില്‍ പറഞ്ഞു.

നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗില്‍ മരിച്ച കുഞ്ഞിനെയും കണ്ടെത്തി. ഫൊറന്‍സിക് പരിശോധനയില്‍ ജനിച്ച കുഞ്ഞ് ആരോഗ്യവാന്‍ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി. 15 ദിവസത്തിനുള്ളില്‍ യുവതിക്ക് വിധിയില്‍ അപ്പീല്‍ പോകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.