
സ്വന്തം ലേഖകൻ: റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ വെച്ച് കൊല്ലപ്പടാനുള്ള കാരണം വെളിപ്പെടുത്തി താലിബാൻ. തങ്ങളുമായി സഹകരിക്കാതിരുന്നതാണ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിന് കാരണമായതെന്ന് താലിബാൻ വക്താവ് മുഹമ്മദ് സൊഹൈൽ ഷഹീനാണ് വ്യക്തമാക്കിയത്.
അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഡാനിഷിനു വെടിയേൽക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ ഐഡി കാര്‍ഡ് പരിശോധിച്ച ശേഷം താലിബാൻ കൊല്ലുകയായിരുന്നുവെന്ന് അഫ്ഗാൻ സൈനികോദ്യോഗസ്ഥര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് താലിബാൻ വക്താവിൻ്റെ പ്രതികരണം. ഖത്തറിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫീസിൽ വെച്ചായിരുന്നു ഭീകരസംഘടനയുടെ വക്താവ് ഇക്കാര്യം വാര്‍ത്താ ചാനലായ എൻഡിടിവിയോടു വ്യക്തമാക്കിയത്.
“ഞങ്ങളുടെ പോരാളികളാണ് അദ്ദേഹത്തെ കൊന്നതെന്ന് നിങ്ങള്‍ക്ക് പറയാൻ കഴിയില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളുമായി സഹകരിക്കാതിരുന്നതെന്നു പറയൂ. അവിടെയെത്തുമ്പോള്‍ ഞങ്ങളെ വിവരമറിയിക്കണമെന്നും ഞങ്ങള്‍ സുരക്ഷയൊരുക്കണമെന്നും മാധ്യമപ്രവര്‍ത്തകരോടു ഞങ്ങള്‍ ഒന്നല്ല, പലവട്ടം പറഞ്ഞിട്ടുണ്ട്.” താലിബാൻ പറഞ്ഞു.
ഡാനിഷ് സിദ്ദിഖി അഫ്ഗാൻ സൈനികരോടൊപ്പമായിരുന്നുവെന്നും ഏറ്റുമുട്ടിലിനിടെ കൊല്ലപ്പെടുകയായിരുന്നുവെന്നും വക്താവ് വ്യക്തമാക്കി. ആരുടെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നും സൊഹൈൽ വ്യക്തമാക്കി. അതേസമയം, ഡാനിഷ് സിദ്ദിഖിയെ തെരഞ്ഞു പിടിച്ചു താലിബാൻ കൊന്നതാണെന്ന് അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറിൻ്റെ റിപ്പോര്‍ട്ടിൽ പറയുന്നത്.
താലിബാൻ പിടികൂടുമ്പോള്‍ സിദ്ദിഖിയ്ക്ക് ജീവനുണ്ടായിരുന്നുവെന്നും ഐഡി കാര്‍ഡ് പരിശോധിച്ച് ആരാണെന്നു ഉറപ്പു വരുത്തിയ ശേഷമാണ് വെടിവെച്ചു കൊലപ്പെടുത്തിയതെന്നുമാണ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ട അഫ്ഗാൻ സൈനികോദ്യോഗസ്ഥൻ പറയുന്നത്. താലിബാൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം വികൃതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ ഇക്കാര്യങ്ങള്‍ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ്റേത്.
താലിബാന് പാകിസ്ഥാൻ പിന്തുണ കൊടുക്കുന്നുണ്ടെന്ന ഇന്ത്യയുടെ ആരോപണം പാകിസ്ഥാനോടുള്ള വിരോധം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാൻ്റെ 90 ശതമാനം ഭൂപ്രദേശവും താലിബാൻ നിയന്ത്രണത്തിലായതായും താലിബാൻ വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല