സ്വന്തം ലേഖകന്‍: അര്‍ബുദമെന്ന് കരുതി ആശുപത്രിയില്‍ എത്തിയ ബ്രിട്ടീഷുകാരന്റെ ശ്വാസകോശത്തില്‍ കണ്ടെത്തിയത് 40 വര്‍ഷം മുമ്പ് വിഴുങ്ങിയ കളിപ്പാട്ടം. വിട്ടു മാറാത്ത ചുമയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഒരു വര്‍ഷത്തിലേറെ ശല്യം ചെയ്തപ്പോഴാണ് ബ്രീട്ടീഷുകാരനായ പൊള്‍ ബോക്സ്റ്റര്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയത്. സംശയിച്ചതു പോലെ അര്‍ബുദം തന്നെയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.
അര്‍ബുദത്തിന്റേതാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ പോളിന്റെ ശ്വാസകോശത്തിനുള്ളില്‍ ദുരൂഹമായ എന്തോ ഒരു വസ്തു ഉള്ളതായി എക്‌സറേയില്‍ കണ്ടെത്തിയതായിരുന്നു നിഗമനത്തിന് പ്രധാന കാരണം. നേരത്തെത്തന്നെ ന്യൂമോണിയ രോഗിയായിരുന്ന പോള്‍ അര്‍ബുദം കൂടി ബാധിച്ചിരിക്കുന്നു എന്നു കേട്ടതോടെ ജീവിതം അവസാനിച്ചെന്ന് ഉറപ്പിച്ചു. എന്നാല്‍ പ്രതീക്ഷ നഷ്ടപ്പെട്ട പോളിനേയും ഡോക്ടര്‍മാരേയും ചിരിപ്പിക്കുന്നതായിരുന്നു പിന്നീട് നടന്ന സംഭവ വികാസങ്ങള്‍.
അവസാന പരിശോധന ഫലത്തില്‍ ശ്വാസകോശത്തില്‍ കാണപ്പെട്ട വസ്തു അര്‍ബുദത്തിന്റെ ലക്ഷണമല്ല മറിച്ച് ഒരു കളിപ്പാട്ടത്തിന്റെ അവശിഷ്ടമാണെന്ന് വ്യക്തമായി. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടിയായിരുന്നപ്പോള്‍ അബദ്ധത്തില്‍ കളിപ്പാട്ടത്തിന്റെ ഭാഗം ഉള്ളില്‍ പോയതായിരിക്കാമെന്നും അതാണ് ശ്വാസകോശത്തില്‍ കാണപ്പെട്ടതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അത്തരത്തില്‍ ഒരു കളിപ്പാട്ടം ഏഴാം പിറന്നാളിന് തനിക്ക് സമ്മാനമായി ലഭിച്ചതായും പോള്‍ അപ്പോഴാണ് ഓര്‍മിക്കുന്നത്.
ഏതായാലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ബ്രിട്ടീഷ് തപാല്‍ വകുപ്പില്‍ ജീവനക്കാരനായ പോള്‍ ബോക്സ്റ്റര്‍. തന്റെ ഈ വ്യത്യസ്ഥമായ ജീവിതാനുഭവം പോള്‍ ചാനലുകളുമായി പങ്കു വെക്കുകയും ചെയ്തു. അതേസമയം ഇത്രയും നീണ്ട വര്‍ഷങ്ങള്‍ ഒരു വസ്തു ഒരാളുടെ ശ്വാസകോശത്തില്‍ കിടക്കുന്നത് അത്യപൂര്‍വ്വമാണെന്നും ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല