1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2021

സ്വന്തം ലേഖകൻ: ലോകത്താദ്യമായി മനുഷ്യൻ്റെ ശരീരത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ച ശസ്ത്രക്രിയ നടന്നു. യുഎസിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ ഒരു രോഗിയുടെ ശരീരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പന്നിയുടെ വൃക്ക ഘടിപ്പിച്ചത്. പരീക്ഷണം വിജയിച്ചാൽ അവയവമാറ്റത്തിനുള്ള കാത്തിരിപ്പും ലഭ്യതയും വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.

പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേര്‍ത്തിട്ടും അവയവത്തെ ഉടൻ തന്നെ ശരീരം നിരാകരിക്കുന്ന പ്രവണത കാണിച്ചില്ലെന്നാണ് ഇതു സംബന്ധിച്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. അതേസമയം, ശരീരം മൃഗത്തിൻ്റെ അവയവത്തെ ദീര്‍ഘകാലത്തേയ്ക്ക് ഉള്‍ക്കൊള്ളാൻ മനുഷ്യശരീരത്തിനു കഴിയുമോ എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല. ശരീരവുമായി ബന്ധിപ്പിച്ചെങ്കിലും വൃക്ക ഇപ്പോഴും ശരീരത്തിനു പുറത്തു തന്നെയാണ് ഗവേഷകര്‍ സൂക്ഷിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ എൻഐയു ലാങ്കോൺ ഹെൽത്തിലാണ് ചരിത്രപ്രാധാന്യമുള്ള ശസ്ത്രക്രിയ നടന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം അവയവം പുറന്തള്ളുന്നത് ഒഴിവാക്കാനായി പ്രത്യേകതരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവമാണ് മനുഷ്യനിൽ തുന്നിച്ചേര്‍ത്തത്. ചില പ്രത്യേക ഘടകങ്ങള്‍ ഈ അവയവത്തിൽ ഉണ്ടാകില്ലെന്നതിനാൽ മനുഷ്യശരീരം അവയവത്തെ പുറന്തള്ളില്ലെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍. മസ്തിഘാതം സംഭവിച്ച ഒരു വ്യക്തിയിലാണ് ഈ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

തലച്ചോറിനുള്ള തകരാറു മൂലം ഇവര്‍ക്ക് മസ്തിഷ്കരമരണം സംഭവിച്ചിരുന്നെങ്കിലും വൃക്ക അടക്കമുള്ള അവയവങ്ങള്‍ പൂര്‍ണതോതിൽ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടു കിട്ടുന്നതിനു മുൻപ് പരീക്ഷണങ്ങള്‍ നടത്താൻ മരിച്ചയാളുടെ ബന്ധുക്കള്‍ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ റോയിട്ടേഴ്സിനോടു പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസമായി പുതിയ വൃക്ക ശരീരത്തിൽ തുന്നിച്ചേര്‍ത്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അവയവത്തെ പുറന്തള്ളുന്ന ലക്ഷണങ്ങള്‍ ശരീരം കാണിച്ചിട്ടില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ വൃക്ക സാധാരണ നിലയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധാരണ മനുഷ്യൻ്റെ വൃക്ക ഉത്പാദിപ്പിക്കുന്ന അളവിൽ തന്നെ മൂത്രം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. റോബര്‍ട്ട് മോണ്ടിഗോമറി പറഞ്ഞു. മുൻപ് കുരങ്ങുകളിൽ ഈ പരീക്ഷണം നടത്തിയപ്പോഴും ഇതേ ഫലം തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വൃക്കയുടെ പ്രവര്‍ത്തനം മോശമായതിനാൽ രോഗിയുടെ ക്രിയാറ്റിൻ നില ഉയര്‍ന്ന നിലയിലായിരുന്നുവെന്നും എന്നാൽ പന്നിയുടെ വൃക്ക സ്ഥാപിച്ചതോടെ ഇത് സാധാരണനിലയിലേയ്ക്ക് മടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആഗോളതലത്തിൽ ലക്ഷക്കണക്കിന് രോഗികളാണ് വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്. യുഎസിൽ മാത്രം വൃക്ക മാറ്റിവെക്കലിനായി രോഗികള്‍ക്ക് മൂന്ന് മുതൽ അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും അവയവം തുന്നിച്ചേര്‍ത്ത ഉടൻ തന്നെ ശരീരം അവയവത്തെ പുറന്തള്ളുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. ഈ അവസ്ഥയിൽ നിന്നുള്ള വലിയ കുതിച്ചുചാട്ടമാണ് പുതിയ ശസ്ത്രക്രിയ. മനുഷ്യ ശരീരത്തെ അവയവം പുറന്തള്ളാൻ പ്രേരിപ്പിക്കുന്ന ഗ്ലൈക്കൻ എന്ന തന്മാത്ര ഒഴിവാക്കുന്ന തരത്തിൽ ജനിതകമാറ്റം നടത്തിയ ഗാൽസേഫ് എന്ന പന്നിയുടെ അവയവമാണ് മനുഷ്യനിൽ തുന്നിച്ചേര്‍ത്തത്.

യുഎസിലെ യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോര്‍പിൻ്റെ റെവിവികോര്‍ യൂണിറ്റാണ് ഈ പന്നിയെ സൃഷ്ടിച്ചത്. ഇത്തരം പന്നികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാൽ മനുഷ്യരിൽ സാധാരണ പന്നിയിറച്ചിയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള അലര്‍ജി ഒഴിവാക്കാൻ സാധിക്കും. എന്നാൽ ഈ പന്നിയുടെ അവയവങ്ങളും ശരീരസ്രവങ്ങളും ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇപ്പോഴും എഫ്ഡിഎ അനുമതി ആവശ്യമാണ്.

അതേസമയം, ഇത്തരം പന്നികളിൽ നിന്നുള്ള ഹൃദയവാൽവുകളും ത്വക്കും മനുഷ്യനിൽ ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളിൽ ഗുരുതരമായ വൃക്കരോഗമുള്ള രോഗികളിൽ പന്നികളുടെ വൃക്ക വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.