1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2019

സ്വന്തം ലേഖകന്‍: ‘മോദിയുടെ മനസ് ഇപ്പോഴും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലും. പ്രധാനമന്ത്രി പദവിയോട് മാന്യത പുലര്‍ത്തണം,’ മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പത്താമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസിന്റേയോ സംഘപരിവാറിന്റേയോ വക്താവായല്ല പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രിയെന്ന പദവിയോട് മാന്യത പുലര്‍ത്തുന്നുണ്ടെങ്കില്‍ തന്റെ അനുയായികള്‍ കാണിച്ച കോപ്രായങ്ങള്‍ തെറ്റാണെന്ന് പറയാനുള്ള ആര്‍ജവം കാണിക്കുകയായിരുന്നു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നും പഴയ കാക്കി നിക്കറിലും ഷര്‍ട്ടിലുമാണ് പ്രധാനമന്ത്രിയുടെ മനസ് ഉല്ലസിച്ചുകൊണ്ടിരിക്കുന്നത്. പ്രചാരക് സഭയാണ് പ്രധാനമന്ത്രി സ്ഥാനത്തെക്കാള്‍ വലുതെന്നാണ് പ്രധാനമന്ത്രി കാണുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

‘നമ്മുടെ രാജ്യം ബഹുസ്വരത നിലനില്‍ക്കുന്നിടമാണ്. അത് തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തെ എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണ്. പുരുഷന് ആരാധിക്കാന്‍ അവകാശമുണ്ടെങ്കില്‍ സ്ത്രീക്കും അവകാശമുണ്ട്. വിവേചനമില്ലാതെ തുല്യത നല്‍കുന്നതായിരുന്നു സുപ്രീംകോടതി വിധി. അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് നടപ്പാക്കുകയും ചെയ്യുന്നു.

ഇവിടെ സുപ്രീംകോടതി വിധി പ്രകാരമെത്തിയ സ്ത്രീകളെ അക്രമിക്കുകയായിരുന്നു. രാജ്യത്തെ ഭരണാധികാരിയെന്ന നിലക്ക് ആ അതിക്രമങ്ങളെ പ്രധാനമന്ത്രി അപലപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം തകര്‍ക്കുന്നതിന് കൂട്ടുനില്‍ക്കുന്നയാളാണ് കേരള സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

റംസാന്‍ നോമ്പുതുറയ്ക്കായി വീട്ടിലേക്ക് ട്രെയിനില്‍ പോയ സഹോദരങ്ങളെ ഒരു കൂട്ടം ആളുകള്‍ വേഷത്തില്‍ നിന്ന് മുസ്‌ലിം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ചതടക്കം നിരവധി സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളില്‍ ഏറ്റവും ഇളയവനെ കൊന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവര്‍ക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തു. എങ്ങനെയെല്ലാം അവരെ സംഘപരിവാര്‍ സംരക്ഷിച്ചുവെന്ന് രാജ്യത്തിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും മനുഷ്യരെ കൊന്നു. ഈ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത് സംഘപരിവാറാണ്. മോദിക്ക് ഇപ്പോഴും സംഘപരിവാര്‍ പ്രചാരകന്റെ മനസാണ്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്റെ സംസ്‌കാരം തകര്‍ക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിര്‍ക്കേണ്ടതെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാര്‍ ശ്രമങ്ങള്‍ കേരളത്തില്‍ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമര്‍ശനത്തിന് കാരണമെന്ന് പിണറായി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.