
സ്വന്തം ലേഖകൻ: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 21 അംഗ ഇടതുമുന്നണി മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓണ്‍ലൈനിലും ടിവിയിലും ചടങ്ങിനു സാക്ഷികളായി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വേദിയില്‍ 140 അടി നീളത്തില്‍ സ്ഥാപിച്ച എല്‍ഇഡി സ്ക്രീനില്‍ ചടങ്ങിനു മുന്‍പ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്കാരം പ്രദര്‍ശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്പാകെ പിണറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാരും സത്യവാചകം ചൊല്ലി ചുമതലയേറ്റു. കെ. രാജന്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന് കുട്ടി, എ.കെ. ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി. അബ്ദുറഹിമാന്. ജി.ആര്. അനില്‍, കെ.എന്‍.ബാലഗോപാല്‍, ആര്. ബിന്ദു, ജെ. ചിഞ്ചുറാണി, എം.വി.ഗോവിന്ദന്, പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ.രാധാകൃഷ്ണന്, പി.രാജീവ്, സജി ചെറിയാന്, വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, തോമസ് ഐസക്, എം.എം. മണി, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള സിപിഎം നേതാക്കൾ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്, ഇ. ചന്ദ്രശേഖരന്, ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശന് തുടങ്ങിയവര്‍ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകര്‍ അണിചേര്‍ന്ന വെര്‍ച്വല്‍ സംഗീതാവിഷ്കാരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിഞ്ഞു. സമര്‍പ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്. ഇ.എം.എസ്. മുതല്‍ പിണറായി വിജയന് വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആല്‍ബം.
സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനില്‍ ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കും. ശേഷം 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം നടക്കും. നിര്‍ണായക തീരുമാനങ്ങള്‍ ഈ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ക്ഷണിക്കപ്പെട്ട അതിഥികള്‍ 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല