
സ്വന്തം ലേഖകൻ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയയില്‍ എത്തി. ജപ്പാന്‍, പാപ്പുവ ന്യൂഗിനി എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം തിങ്കളാഴ്ചയാണ് അദ്ദേഹം സിഡ്‌നിയിലെത്തിയത്. മേയ് 24 വരെ മോദി ഓസ്‌ട്രേലിയയില്‍ ഉണ്ടാകും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസുമായി മോദി ചര്‍ച്ച നടത്തും. കൂടാതെ ഇന്ത്യന്‍സമൂഹത്തിന്റെ പരിപാടിയിലും പങ്കെടുക്കും.
സിഡ്‌നിയില്‍ വിമാനം ഇറങ്ങിയ മോദിക്ക് ഇന്ത്യന്‍സമൂഹം ഊഷ്മളമായ സ്വീകരണം നല്‍കി. അടുത്ത രണ്ടുദിവസം വിവിധ പരിപാടികളില്‍ മോദി പങ്കെടുക്കും. ഓസ്‌ട്രേലിയയുമായുള്ള ബന്ധം അടുത്തതലത്തിലേക്ക് ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നതായി ദ ഓസ്‌ട്രേലിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കിയിരുന്നു.
ഫോര്‍ട്ടെസ്‌ക്യൂ ഫ്യൂച്ചര്‍ ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആന്‍ഡ്രൂ ഫോറസ്റ്റ്, ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സി.ഇ.ഒ. പോള്‍ ഷ്രോഡര്‍, ഹാന്‍കോക്ക് പ്രോസ്‌പെക്ടിങ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജീന റൈന്‍ഹാര്‍ട്ട് തുടങ്ങിയ പ്രമുഖരുമായും മോദി കൂടിക്കാഴ്ച നടത്തി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദ ബോസ്’ എന്ന് സംബോധന ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്‌നിയില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവെയായിരുന്നു ആന്റണി ആല്‍ബനീസിന്റെ പരാമര്‍ശം.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ ബാഹുല്യവും മോദിയുടെ പ്രശസ്തിയും ഇതിഹാസ റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റേതിന് സമാനമാണെന്ന് ആമുഖപ്രസംഗത്തില്‍ ആല്‍ബനീസ് പറഞ്ഞു. ബ്രൂസ് സ്പ്രിങ്സ്റ്റീനിന് ആരാധകര്‍ നല്‍കിയിരിക്കുന്ന അപരനാമമാണ് ദ ബോസ്.
“ഈ വേദിയില്‍ കഴിഞ്ഞ തവണ ഞാന്‍ കണ്ടത് ബ്രൂസ് സ്പ്രിങ്സ്റ്റീനിനെയാണ്. പക്ഷെ നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സ്വീകരണം സ്പ്രിങ്സ്റ്റീനിന് അന്ന് ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയാണ് ‘ദ ബോസ്’, ആല്‍ബനീസ് പറഞ്ഞു. ക്വിഡോസ് ബാങ്ക് അരീനയില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന് പേർ കരഘോഷം ഉയര്‍ത്തി.
വേദിയിലേക്ക് മോദിയെ പരമ്പരാഗതരീതിയിലാണ് സ്വാഗതം ചെയ്തത്. ഇന്ത്യന്‍ നര്‍ത്തകരുടെ സാംസ്‌കാരിക പരിപാടിയോടെയാണ് സമ്മേളനം ആരംഭിച്ചത്. മോദിയെ കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് പരിപാടിയ്ക്ക് ശേഷം മോദിയുമായി നടത്താനിരിക്കുന്ന ഉഭയകക്ഷിയോഗത്തെ കുറിച്ച് ആല്‍ബനീസ് പറഞ്ഞു.
“ഒരുകൊല്ലം മുമ്പ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ഞങ്ങള്‍ തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അയല്‍രാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്,” അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന ഓസ്‌ട്രേലിയയെ കൂടുതല്‍ മികച്ചതാക്കി. ഓസ്‌ട്രേലിയയുടെ സുപ്രധാന നയതന്ത്ര പങ്കാളിയാണ് ഇന്ത്യ. സമ്പന്നമായ ഒരു സൗഹൃദമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. ലോകത്തിലെ വിവിധ ക്രിക്കറ്റ് കളങ്ങളില്‍ ഇന്ത്യ സ്‌നേഹമേറിയ ഒരു കായിക എതിരാളിയാണ്. നമ്മള്‍ വീണ്ടും ക്രിക്കറ്റ് കളത്തില്‍ ഏറ്റുമുട്ടും. നമ്മുടെ രാജ്യത്തെ ഏറ്റവും സ്വീകാര്യനായ അതിഥിയാണ് മോദി”, ആല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല