
സ്വന്തം ലേഖകൻ: ബംഗ്ലാദേശ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അന്‍പതാം വാർഷിക ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച രാവിലെ ബംഗ്ലാദേശിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ബംഗ്ലാദേശ് രാഷ്ട്രപിതാവ് ബംഗബന്ധു ഷേക്ക് മുജീബുൾ റഹ്മാനെയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈന്യത്തെയും പ്രകീർത്തിച്ചു. നാഷണൽ പരേഡ് സ്ക്വയറിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ, ബംഗ്ലാ സ്വാതന്ത്ര്യസമരസേനാനികളും ഇന്ത്യൻ സൈന്യവും രക്തം നൽകിയാണ് വിമോചനയുദ്ധത്തിൽ വിജയം വരിച്ചതെന്ന് മോദി പറഞ്ഞു.
“”യാതൊരു സമ്മർദത്തെയും തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് രക്തബന്ധം മുറിയില്ല. ബംഗ്ലാദേശിലെ സഹോദരീ, സഹോദരന്മാരുടെ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട ഇന്ത്യൻ സൈനികർക്ക് അഭിവാദ്യമർപ്പിക്കുന്നു. ഇന്നത്തെ ദിവസം എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ ചടങ്ങിലേക്ക് എന്നെ ബംഗ്ലാദേശ് ക്ഷണിച്ചതിൽ നന്ദിയുണ്ട്. ഗാന്ധി സമാധാന പുരസ്കാരം നൽകി ഷേക്ക് മുജീബുൾ റഹ്മാനെ ആദരിക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു.- മോദി കൂട്ടിച്ചേർത്തു.
2020 ലെ ഗാന്ധി സമാധാന പുരസ്കാരം മുജീബുൾ റഹ്മാന് ഈയാഴ്ചയാണ് പ്രഖ്യാപിച്ചത്. മരണാനന്തര ബഹുമതിയായി ഗാന്ധി സമാധാന പുരസ്കാരം നൽകുന്നത് ആദ്യമാണ്. ഗാന്ധി സമാധാന പുരസ്കാരം മുജീബുൾ റഹ്മാന്റെ പുത്രിയും പ്രധാനമന്ത്രിയുമായ ഷേക്ക് ഹസീനയ്ക്കും സഹോദരി ഷേക്ക് റെഹാനയ്ക്കും സ്വതന്ത്ര്യ ദിനാഘോഷ ചടങ്ങിനിടെ മോദി കൈമാറി.
ബംഗ്ലാദേശ് വിമോചന സമരകാലത്ത് തനിക്ക് 20-22 വയസ് പ്രായമുണ്ടായിരുന്നെന്നും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ടെന്നും മോദി അനുസ്മരിച്ചു. കിഴക്കൻ പാക്കിസ്ഥാൻ എന്ന് അറിയപ്പെട്ടിരുന്ന ബംഗ്ലാദേശിന്റെ വിമോചനയുദ്ധം 1971 മാർച്ച് 25നാണ് ആരംഭിച്ചത്. പാക്കിസ്ഥാനെതിരേ നടന്ന യുദ്ധം 1971 ഡിസംബർ 16ന് അവസാനിച്ചു. ധാക്ക സവാറിലെ 1971 ബംഗ്ലാദേശ് യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. കോവിഡിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്ന ആദ്യ വിദേശരാജ്യമാണു ബംഗ്ലാദേശ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെയുണ്ടായ പ്രതിഷേധങ്ങൾക്കിടെ ബംഗ്ലാദേശിൽ നാല് പേർ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘർഷത്തിലാണ് നാല് പേർക്കും ജീവൻ നഷ്ടമായത്. ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങ്ങിലാണ് വലിയ പ്രതിഷേധവും വെടിവെപ്പുമുണ്ടായത്.
ചിറ്റഗോങ്ങിൽ വെള്ളിയാഴ്ച പ്രാർഥനക്ക് ശേഷം ജനങ്ങൾ മോദിക്കെതിരെ മുദ്രവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ പൊലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെക്കുകയും ചെയ്തു. തുടർന്ന് ലാത്തിച്ചാർജുമുണ്ടായി. ഈ സംഘർഷത്തിലാണ് നാല് പേർ കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല