
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എസ്.ഡി.പി.ഐക്കെതിരെ നടത്തിയ ആരോപണങ്ങള്‍ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി എന്ന് പിണറായി വിജയന്‍ പറഞ്ഞതായി മോദി രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ അനുവദിക്കാത്തത് ദല്‍ഹിയില്‍ തുടരണമെന്ന് വാദിക്കുന്നത് എന്തിനെന്ന് മോദി ചോദിച്ചു. അതേ സമയം മോദിയുടെ വാദത്തിനെതിരെ കെ.കെ രാഗേഷ് എം.പി രാജ്യസഭയില്‍ ബഹളം വെച്ചു.
ഫെബ്രുവരി 3 ന് നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് പിണറായി വിജയന്‍ പൗരത്വ പ്രതിഷേധങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞു കയറി ആക്രമണുണ്ടാക്കുന്നു എന്ന് പറഞ്ഞത്. ഒപ്പം എസ്.ഡി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനവും മുഖ്യമന്ത്രി നടത്തിയിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞു കയറി അക്രമമുണ്ടാക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. മഹല്ല് കമ്മിറ്റികള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
‘മഹല്ല് കമ്മിറ്റികള്‍ ധാരാളം പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം സമാധാന പരമായി നടത്താന്‍ അവര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ മനസ്സിലാക്കേണ്ട മറ്റൊരു വസ്തുതയുണ്ട്. എസ്.ഡി.പി.ഐ എന്നൊരു വിഭാഗം ഇവിടെയുണ്ട്. തീവ്രവാദ പരമായി ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ആ വിഭാഗത്തില്‍പ്പെട്ടവര്‍ ചിലയിടത്ത് നുഴഞ്ഞ് കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അത്തരം കാര്യങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തു നിന്നും നടപടി എടുത്തിട്ടുണ്ടാവും. കാരണം അവര്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതില്‍ നടപടിയുണ്ടാകും,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
ലോക്‌സഭയിൽ കോൺഗ്രസിനെ രൂക്ഷമായ ഭാഷയിലാണു മോദി വിമർശിച്ചത്. ”സിഎഎയ്ക്കെതിരെ മുസ്‌ലിങ്ങളെ വഴിതിരിച്ചുവിട്ട് രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമം. മുസ്‌ലിങ്ങൾ കോൺഗ്രസിന് വോട്ട് ബാങ്ക് മാത്രമാണ്. അവർ ഇന്ത്യയിലെ മുസ്‌ലിങ്ങളെ മുസ്‌ലിമുകളായി മാത്രമാണ് കണ്ടത്. പക്ഷേ ഞങ്ങൾ അവരെ ഇന്ത്യക്കാരായാണ് കണക്കാക്കുന്നത്,” മോദി പറഞ്ഞു. ഈ നിയമം കാരണം ഒരു ഇന്ത്യക്കാരനും – ഹിന്ദുക്കൾ, മുസ്‌ലിങ്ങൾ, ജൈനന്മാർ, സിഖുകാർ, ക്രിസ്ത്യാനികൾ… ആർക്കും പൗരത്വം നഷ്‌ടപ്പെടില്ലെന്നും മോദി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു, ആറു മാസത്തിനുളളിൽ യുവാക്കൾ വടികൊണ്ട് എന്നെ മർദിക്കുമെന്ന്. കൂടുതൽ സൂര്യ നമസ്കാരവും വ്യായാമവും ചെയ്ത് ഞാനെന്റെ ശരീരം കൂടുതൽ പാകപ്പെടുത്താൻ തീരുമാനിച്ചു, അതിലൂടെ ഒരുപാട് വടികൾ കൊണ്ടുളള അടിയേൽക്കാനും എന്റെ പുറം ശക്തമാകുമെന്ന് രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല