1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2021

സ്വന്തം ലേഖകൻ: വത്തിക്കാനിലെ കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയും. വെള്ളിയിൽ തീർത്ത മെഴുകുതിരി പീഠവും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പുസ്തകവുമാണ് മോദി മാർപാപ്പയ്ക്ക് നൽകിയത്. ബൈബിളിൽ പ്രതീക്ഷയുടെ അടയാളമായ ഒലിവില ചില്ല പതിപ്പിച്ച വെങ്കല ഫലകമായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് പോപ്പ് നൽകിയ സമ്മാനം.

ഇന്ത്യയിൽ പ്രത്യേകമായി പണികഴിപ്പിച്ചതാണ് മെഴുകുതിരി പീഠം എന്ന് മോദി മാർപാപ്പയോട് പറഞ്ഞു. ‘ദി ക്ലൈമറ്റ് ക്ലൈംബ്’ എന്ന പുസ്തകമാണ് മോദി ഫ്രാൻസിസ് മാർപാപ്പയ്ക്ക് നൽകിയത്. അങ്ങയുടെ ഇഷ്ടവിഷയമാണിതെന്ന ആമുഖത്തോടെയാണ് മോദി പുസ്തകം സമ്മാനിച്ചത്.

വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ നിശ്ചിയിച്ച മോദി – ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച അരമണിക്കൂർ നേരം മാത്രമാണ് നിശ്ചയിച്ചുരുതെങ്കിലും ഇരുവരും തമ്മിലുള്ള ചർച്ച ഒന്നേകാൽ മണിക്കൂറുകളോളം നീണ്ടു. കൊവിഡ്-19 വ്യാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മാര്‍പാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ തുടങ്ങിയവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചത്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിസംഘവുമായി മോദി കൂടിക്കാഴ്ച നടത്തി. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

ദാരിദ്ര്യനിര്‍മാര്‍ജനവും കാലാവസ്ഥാ മാറ്റവം അടക്കമുള്ള വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തെന്നും ഭൂമിയെ കൂടുതൽ മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് ഇരുവരം ചേര്‍ന്ന് ചര്‍ച്ച ചെയ്തെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുൻപ് അടൽ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അവസാനമായി ഇന്ത്യൻ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. അന്ന് ജോൺ പോള്‍ രണ്ടാമനായിരുന്നു മാര്‍പാപ്പ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.