1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2024

സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 14നാണ് കൂടിക്കാഴ്ച. അബുദാബി സന്ദർശനത്തിനു ശേഷമാകും കൂടിക്കാഴ്ച. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയയ്ക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച.

പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകളെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ ഖത്തർ തയാറായതെന്ന് വാർത്തകളുണ്ടായിരുന്നു. ഇതാണോ പെട്ടെന്നുള്ള സന്ദർശനത്തിനു കാരണമെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര തയാറായില്ല. പ്രധാനമന്ത്രി നാവികരെ വിട്ടയയ്ക്കാൻ ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഖത്തറിൽ തടവിലായിരുന്ന മുൻ ഇന്ത്യൻ നാവികരെ വെറുതെ വിട്ടതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും നടത്തിയ നീക്കങ്ങളെന്ന് റിപ്പോർട്ട്. ഖത്തർ അമീറുമായുള്ള മോദിയുടെ വ്യക്തിപരമായ ബന്ധവും തിരശീലയ്ക്ക് പിന്നിലെ അജിത് ഡോവലിന്റെ തന്ത്രവുമാണെന്നാണ് വിവരം.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് നയതന്ത്ര കാര്യങ്ങൾ കൈകാര്യം ചെയ്‌തതെങ്കിലും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ഖത്തറുമായി സൂക്ഷ്മ ചർച്ചകൾ നടത്തിയത് അജിത് ഡോവലാണ്. ഇന്ത്യയുടെ നിലപാട് അറിയിക്കുന്നതിനായി ഡോവൽ ദോഹയിലേക്ക് നിരവധി തവണ രഹസ്യ യാത്രകൾ നടത്തി.ഇന്ത്യൻ സർക്കാരിനെ ഞെട്ടിച്ച കേസിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഖത്തർ കോടതി മുൻ ഇന്ത്യൻ നാവികർക്ക് വധശിക്ഷ വിധിച്ചത്.

ഇറ്റാലിയൻ മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇവർ ചോർത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇന്ത്യയുടെ ഇടപെടലിലൂടെ ഡിസംബറിൽ ഖത്തർ കോടതി ഇവർക്ക് ശിക്ഷാ ഇളവ് നൽകിയിരുന്നു.പിന്നീട് ദുബായിൽ സിഒപി28 ഉച്ചകോടിയിൽ മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ കാണുകയും ഉഭയകക്ഷി പങ്കാളിത്തത്തെക്കുറിച്ചും ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തെക്കുറിച്ചും ചർച്ച ചെയ്തിരുന്നു.

തുടർന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ കേസ് ഖത്തറിലെ പരമോന്നത കോടതി പരിഗണിക്കുകയായിരുന്നു. ഇതിന് ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. മലയാളിയായ രാകേഷ് ഗോപകുമാർ, നവതേജ് സിംഗ് ഗിൽ, ബീരേന്ദ്ര കുമാർ വർമ, സൗരഭ് വസിഷ്ത്, അമിത് നാഗ്പാൽ, പൂർണേന്ദു തിവാരി, സുഗുണാകർ പകല, സഞ്ജീവ് ഗുപ്ത, എന്നിവരായിരുന്നു ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്നത്.

എട്ടിൽ ഏഴുപേരും ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ട്.ദോഹ കേന്ദ്രമായുള്ള ദഹ്റ ഗ്ലോബൽ ടെക്നോളജീസ് ആൻഡ് കൺസൾട്ടൻസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് എട്ടുപേരും. ഇന്ത്യൻ നാവികസേനയിൽ സുപ്രധാന പദവികളിലിരുന്ന ഇവർ വിരമിച്ച ശേഷമാണ് ഖത്തറിൽ ജോലിയിൽ പ്രവേശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.