സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം നല്‍കുന്നതിന്റെ ഭാഗമായാണ് റാലി സംഘടിപ്പിച്ചത്.
നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടിയാണ്. എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയ പാര്‍ലമെന്‍റിനെ ആദരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. എന്നെ വെറുത്തോളൂ, പക്ഷേ പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.
ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും തെറ്റായ വിവരങ്ങളാണ് പരക്കുന്നത്. കോണ്‍ഗ്രസ്, അവരുടെ സഖ്യകക്ഷികള്‍, അര്‍ബന്‍ നക്‌സലുകള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ മുസ്ലിങ്ങള്‍ക്കായി നിര്‍മിക്കുന്ന അഭയകേന്ദ്രങ്ങളെക്കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇന്ത്യയിലെ പൗരന്‍മാര്‍ക്കു വേണ്ടിയുള്ളതല്ല പൗരത്വ ഭേദഗതി നിയമം. പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് ഒരു പ്രയാസവും ഉണ്ടാക്കില്ല. രാജ്യത്ത് എവിടെയും മുസ്ലിങ്ങള്‍ക്കായി അഭയകേന്ദ്രങ്ങളില്ല, മോദി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ സര്‍ക്കാര്‍ ആരുടെയും അവകാശം ഇല്ലാതാക്കുന്നില്ല. സര്‍ക്കാരിന് പക്ഷപാതമുണ്ടെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. മതം നോക്കിയല്ല സര്‍ക്കാര്‍ വികസനം നടത്തുന്നത്. ജനങ്ങളുടെ ജാതിയോ മതമോ ഞങ്ങള്‍ ഒരിക്കലും ചോദിച്ചിട്ടില്ല. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കുക മാത്രമായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. ഉജ്ജ്വല യോജനയിലൂടെ സര്‍ക്കാര്‍ പാവങ്ങളെ സഹായിച്ചു, എന്നാല്‍ അവരുടെ വിശ്വാസം എന്തെന്ന് ചിന്തിച്ചിട്ടായിരുന്നില്ല അത്.
പൗരത്വ ഭേദഗതി നിയമം ആരുടെയും പൗരത്വം നഷ്ടപ്പെടാന്‍ ഇടയാക്കില്ല. ഇത് ജനങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമമാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മതത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ നിയമം.
ഒരു നുഴഞ്ഞുകയറ്റക്കാരന്‍ ഒരിക്കലും അവന്റെ സ്വത്വം വെളിപ്പെടുത്തില്ല. ഒരു അഭയാര്‍ഥി ഒരിക്കലും സ്വത്വം ഒളിച്ചുവയ്ക്കുകയും ചെയ്യില്ല. നിരവധി നുഴഞ്ഞുകയറ്റക്കാര്‍ ഇപ്പോള്‍ പുറത്തുവരികയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ഥ സ്വത്വം വെളിപ്പെട്ടുപോകുമോ എന്ന ഭയം മൂലം അവർ സത്യം പറയാന്‍ തയ്യാറാവുന്നില്ല.
കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന കാര്യങ്ങളാണ് ഞങ്ങള്‍ ഇപ്പോള്‍ നടപ്പാക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം അവര്‍ക്ക് അവരുടെ വാഗ്ദാനം നടപ്പാക്കാന്‍ സാധിച്ചില്ല. എന്നാല്‍ ഞങ്ങള്‍ക്ക് സാധിച്ചു. തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്ക് ജനറലിനോടോ ചോദിച്ചുനോക്കട്ടെയെന്നും മോദി പറഞ്ഞു.
പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. പൗരത്വ ഭേദഗതി നിയമം മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പിണറായിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവരും നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല