1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2018

സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റിന് തയ്യാറായിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി തെരേസാ മേയ് സര്‍ക്കാര്‍; ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ കൂടുതല്‍ ആശ്രയിക്കുക യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റ ജോലിക്കാരെയെന്ന് സൂചന; കുടിയേറ്റ നിയന്ത്രണങ്ങളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ധാരണയില്ലാത്ത ബ്രക്‌സിറ്റിന് ഒരുങ്ങാന്‍ ബ്രിട്ടിഷ് മന്ത്രിസഭയുടെ തീരുമാനം.

വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കി.
യൂറോപ്യന്‍ യൂണിയനുമായി തെരേസ മേ തയ്യാറാക്കിയ കരാറിനോട് എംപിമാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തിലാണ്, ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന മുന്നറിയിപ്പ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ധാരണകളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ യൂറോപ്യന്‍ യൂണിയനിലെ ഓരോ അംഗരാജ്യവുമായും പ്രത്യേകം കരാറുകളുണ്ടാക്കേണ്ട ഗതികേടിലാകും ബ്രിട്ടീഷ് സര്‍ക്കാര്‍. വാണിജ്യ വ്യാവസായിക രംഗത്തും വലിയ തിരിച്ചടികള്‍ ഉണ്ടാകും.

അതേ സമയം എതിര്‍പ്പുയര്‍ത്തുന്ന എംപിമാരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ധാരണയില്ലാത്ത ബ്രെക്‌സിറ്റെന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരിനെതിരായി പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ലേബര്‍ പാര്‍ട്ടി തെരേസ മേ സമയം പാഴാക്കുകയാണെന്ന് ആരോപിച്ചു.

നോ ഡീല്‍ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുടിയേറ്റ നിയന്ത്രണത്തില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തെരേസാ മെയ് ഹോം സെക്രട്ടറിയായിരുന്ന സമയത്ത് കൊണ്ടുവന്നിരുന്ന കുടിയേറ്റ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നാണ് സൂചന. തെരഞ്ഞെടുപ്പ് സമയത്ത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ മുഖ്യ അജണ്ടയായിരുന്നു ഇമിഗ്രെഷന്‍ ക്യാപ് എന്നത്.

എന്നാല്‍ ഇത്തരമൊരു പദ്ധതി നോ ഡീല്‍ ബ്രെക്‌സിറ്റ് പ്ലാനില്‍ ഉണ്ടാകാനിടയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി. ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ വിവിധ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബ്രെക്‌സിറ്റ് പ്ലാനുകളില്‍ പൂര്‍ണ്ണമായും കുടിയേറ്റ നിയന്ത്രണം സംബന്ധിച്ച പരാമര്‍ശം ഒഴിവാക്കിയതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്.

2010 ലും 2015 ലും കഴിഞ്ഞ വര്‍ഷവും തിരഞ്ഞെടുപ്പുകളില്‍ കണ്‍സര്‍വേറ്റിവുകളുടെ പ്രധാന വാഗ്ദാനമായിരുന്നു കുടിയേറ്റ നിരക്ക് കുറയ്ക്കുക എന്നത്. ബ്രെക്‌സിറ്റ് സംബന്ധിച്ച സൂചനകള്‍ വന്നതോടെ തന്നെ എന്‍ എം സിയും തങ്ങളുടെ രജിസ്‌ട്രേഷന് ആവശ്യമായ നിബന്ധനകളില്‍ ഇളവ് വരുത്തിയിരുന്നു. ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ബ്രിട്ടനില്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.